| Tuesday, 27th May 2025, 6:06 pm

കണ്ണൂര്‍ സ്‌ക്വാഡ് 2; ബി ടീം രാജശേഖറായി മോഹന്‍ലാല്‍ സാറിന് പകരം പൃഥ്വിരാജ് വന്നാലും ഓക്കെയാണ്: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ മലയാളത്തില്‍ ഇറങ്ങി വമ്പന്‍ വിജയമായ ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാല്‍വര്‍ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു.

നടന്‍ റോണി ഡേവിഡും റോബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബോക്‌സ് ഓഫീസില്‍ വമ്പന്‍ ചലനം ഉണ്ടാക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു. വാണിജ്യപരമായ വിജയത്തിനോടൊപ്പം ഏറെ നിരൂപക പ്രശംസയും ചിത്രം നേടി.

ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തിയത്. അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വര്‍മ എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുകയാണ് റോണി ഡേവിഡ്.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിനെ നായകന്‍ ആക്കാന്‍ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഡിക്ടറ്റീവ് ഉജ്ജ്വലന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്.

കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സെക്കന്റ് പാര്‍ട്ടില്‍ ലാല്‍ സാര്‍ വരുന്നത് നമ്മുടെ മനസില്‍ ഒരു കൊതി ആയിട്ട് ഉണ്ടായിരുന്നു. ബി ടീം രാജശേഖര്‍ എന്ന കഥാപാത്രത്തെ വെറുതെയൊന്ന് ഇട്ട് വെച്ചിരുന്നു. ഒമ്പത് ആളുകള്‍ അടങ്ങുന്ന സ്‌ക്വാഡ് ആയിരുന്നു അത്.

അതില്‍ നാല് ആളുകള്‍ എ ടീമിലും ബാക്കിയുള്ളവര്‍ ബി ടീമിലും വരുന്ന രീതിയില്‍ ആയിരുന്നു അത് പ്ലാന്‍ ചെയ്തത്. അങ്ങനെ വെറുതെ പറഞ്ഞു വെച്ചതായിരുന്നു. അതും ലാല്‍ സാര്‍ വരണം എന്ന രീതിയില്‍ ആയിരുന്നില്ല അന്ന് പറഞ്ഞത്.

ലോകേഷ് ചെയ്യുന്നത് പോലെ ഒരു യൂണിവേഴ്‌സ് ആക്കി മാറ്റണം എന്നായിരുന്നു കരുതിയത്. പല ഇന്‍ട്രസ്റ്റിങ്ങായ കേസുകള്‍ വരുന്നതും കണ്ണൂര്‍ സ്‌ക്വാഡ് വലുതായി പോകുന്നതുമായിരുന്നു കണക്ക് കൂട്ടിയത്. വെറുതെ അതിനുള്ള വിത്ത് പാകി വെക്കുക മാത്രമാണ് ചെയ്തത്.

മമ്മൂക്കയൊക്കെ വന്നതിന് ശേഷം പിന്നെ അതിന്റെ ബാക്കി കാര്യങ്ങള്‍ എങ്ങനെയാണെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ലാല്‍ സാറാണ് വരുന്നത് എന്നല്ല, വലിയ ആര്‍ട്ടിസ്റ്റ് വന്നാല്‍ നന്നാകുമെന്നാണ് കരുതിയത്. ഒരു ഭാഗത്ത് മമ്മൂക്ക വരുമ്പോള്‍ സ്വാഭാവികമായും 48 മുതല്‍ 52 വയസ് വരെ പ്രായമുള്ള ഒരു വ്യക്തി വേണമെന്നാണ്.

അതിന് ലാല്‍ സാര്‍ മാത്രമേയുള്ളൂ. അതിലേക്ക് രാജു (പൃഥ്വിരാജ് സുകുമാരന്‍) വന്നാലും ഓക്കേയാണ്. അത്ര പ്രായമില്ലാത്ത 40 വയസുള്ള ആള് വന്നാലും അത് ഓക്കെയാകും. പക്ഷെ ലാല്‍ സാറ് വന്നാല്‍ ആ കോമ്പോയോട് ആയിരിക്കും ആളുകള്‍ക്ക് താത്പര്യം,’ റോണി ഡേവിഡ് പറയുന്നു.


Content Highlight: Rony David Talks About Mohanlal And Prithviraj Sukumaran In Kannur Squad 2 Movie

We use cookies to give you the best possible experience. Learn more