| Sunday, 30th March 2025, 8:07 am

എന്തിനാണ് ആ മമ്മൂട്ടി ചിത്രത്തിലെ വേഷം ചെയ്തത്? നമ്മളൊക്കെ പള്ളിയില്‍ പോകുന്നവരല്ലേയെന്ന് അദ്ദേഹം ചോദിച്ചു: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ല്‍ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് നിരവധി സിനിമകളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. ചട്ടമ്പിനാട്, ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, ദ ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ്സ്, ഉണ്ട, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും റോണി ഡേവിഡ് അഭിനയിച്ചിരുന്നു.

2017ല്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത് എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ആ സിനിമയില്‍ അഭിനയിച്ചതിന് ശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് റോണി ഡേവിഡ്. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘നിങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. കുട്ടികള്‍ക്ക് ഒരു വയസോ നാല് വയസോ വരെയൊക്കെ ഉള്ള സമയങ്ങളില്‍ ശരീരത്തില്‍ ഒരു മണമുണ്ടാകും. പക്ഷെ ആ മണം നമുക്ക് ഉണ്ടാവില്ല.

ആ മണത്തിന്റെ കാര്യം ഗ്രേറ്റ് ഫാദര്‍ സിനിമയില്‍ പറയുന്നുണ്ട്. അത് പിന്നീട് ഹനീഫിന്റെ അടുത്ത് പറഞ്ഞ് ആഡ് ചെയ്തതായിരുന്നു. അത് സത്യത്തില്‍ സിനിമ കണ്ട പലര്‍ക്കും ഹോണ്ടിങ്ങായി.

എന്റെ വളരെ അടുത്ത ഒരു ബന്ധു സിനിമ കണ്ടിട്ട് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചത് ‘എന്തിനാണ് ഇങ്ങനെയുള്ള വേഷം ചെയ്യുന്നത്. ഇതൊക്കെ വളരെ മോശമാണ്. നമ്മള്‍ പള്ളിയിലൊക്കെ പോകുന്നവരല്ലേ’ എന്നായിരുന്നു.

ഞാന്‍ അപ്പോള്‍ ‘അതിന് സിനിമയില്‍ ഒന്നും കാണിച്ചില്ലല്ലോ’ എന്ന് ചോദിച്ചു. എന്തിനാണ് ഇങ്ങനെയുള്ള വേഷം ചെയ്യുന്നതെന്ന് പറഞ്ഞ് അദ്ദേഹം അന്ന് ഒരുപാട് സംസാരിച്ചു. ആള്‍ക്ക് ഉള്ളില്‍ അത്രയേറെ വിഷമം തട്ടിയിരുന്നു,’ റോണി ഡേവിഡ് പറയുന്നു.

Content Highlight: Rony David Talks About His Experience After Mammootty’s The Great Father Movie

We use cookies to give you the best possible experience. Learn more