ഇതൊക്കെ ഫെയ്ക്കാടാ; ഒടുവില്‍ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് റൊണാള്‍ഡൊ
Football
ഇതൊക്കെ ഫെയ്ക്കാടാ; ഒടുവില്‍ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് റൊണാള്‍ഡൊ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th July 2022, 10:10 am

 

കഴിഞ്ഞ കുറച്ചുനാളായി സമ്മര്‍ ട്രാന്‍സ്ഫറില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടേത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ റോണോക്ക് ടീമില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. താരം ഇതുവരെ സന്നാഹ മത്സരത്തിനായി ടീമിന്റെയൊപ്പം ചേര്‍ന്നിട്ടുമില്ല.

റൊണാള്‍ഡോയുടെ ഏജന്റ് ഒരുപാട് ടീമുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുയോജ്യമായ ക്ലബ്ബിനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. താരത്തെ വിടാന്‍ യുണൈറ്റഡിനും താല്‍പര്യമില്ല.

താരം പോകുന്ന ക്ലബ്ബുകളെന്ന വ്യാജേന നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് താരം തന്റെ മുന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍.

പോര്‍ച്ചുഗീസ് മാധ്യമമായ സ്‌പോര്‍ട്ട് ടി.വിയാണ് ഇക്കാര്യം പുറത്തുവിട്ടത്. റോണോയുടെ കാറുകളിലൊന്ന് സ്‌പോര്‍ട്ടിങ്ങിന്റെ സ്‌റ്റേഡിയത്തിന് പുറത്തുണ്ടെന്നും അദ്ദേഹം സ്‌പോര്‍ട്ടിങ്ങില്‍ തിരിച്ചെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് അവര്‍ പുറത്തുവിട്ടത്.

എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ റൊണാള്‍ഡൊ തന്നെ. സ്‌പോര്ട്ട് ടി.വി ഈ വാര്‍ത്ത അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. അതിനടിയിലാണ് താരം കമന്റുമായി എത്തിയത്. ‘ഫെയ്ക്ക്’ എന്നായിരുന്നു താരം ആ പോസ്റ്റിന് കമന്റ് ചെയ്തത്. താരത്തിന്റെ കമന്റോടെ അദ്ദേഹം സ്‌പോര്‍ട്ടിങ്ങില്‍ എത്തില്ലെന്ന കാര്യം വ്യക്തമായി.

യുണൈറ്റഡില്‍ താരം തുടരമോ അതൊ മറ്റേതെങ്കിലും ടീമില്‍ കൂടുമോ എന്ന് സമ്മര്‍ ട്രാന്‍സ്ഫറിന്റെ അവസാന നിമിഷങ്ങളില്‍ അറിയാന്‍ സാധിക്കും.

Content Highlights: Ronaldo reacts to rumors about him