ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസി. എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമിയിലും അര്‍ജന്റീന ദേശീയ ടീമിലുമായി മിന്നും പ്രകടനങ്ങളാണ് താരം നടത്തുന്നത്. ക്ലബ് വേള്‍ഡ് കപ്പിലും ഇപ്പോള്‍ എം.എല്‍.എസിലും ഗോളുമായി നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഇപ്പോള്‍ 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കായി ഒരുപാട് കാര്യങ്ങള്‍ ഓഫര്‍ ചെയ്യാനുണ്ടെന്നും താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും പറയുകയാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ദൃഢനിശ്ചയവും പ്രതിബദ്ധതയുമുള്ള ഒരു ടീമിനെ സ്‌കലോണി പടുത്തുയര്‍ത്തിയിട്ടുണ്ടെന്നും ടീമില്‍ മെസിയുടെ സാന്നിധ്യം വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ മെസി എപ്പോഴും മത്സരത്തെ നന്നായി മനസിലാക്കുകയും മികച്ച നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെസി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും താരം ലോകകപ്പില്‍ മികച്ച ഫോമിലായിരിക്കുമെന്ന് കരുതുന്നുവെന്നും ബ്രസീലിയന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. ഡിസ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ നസാരിയോ.
‘അര്‍ജന്റീന ദേശീയ ടീം വളരെ ശക്തമാണ്. ദൃഢനിശ്ചയവും പ്രതിബദ്ധതയുമുള്ള ഒരു ടീമിനെ സ്‌കലോണി പടുത്തുയര്‍ത്തിയിട്ടുണ്ട്. അവര്‍ എപ്പോഴും പരസ്പരം സഹായിക്കുന്ന ഒരു ടീമാണ്. കൂടാതെ, അവര്‍ മിടുക്കരും ദുഷ്‌കരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാണ്.
തീര്‍ച്ചയായും മെസിയുടെ സാന്നിധ്യം വലിയ മാറ്റമുണ്ടാക്കും. ക്ലബ് ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ടിരുന്നു. അദ്ദേഹത്തിന് അര്‍ജന്റീനയ്ക്കായി ഇപ്പോഴും ധാരാളം കാര്യങ്ങള്‍ ഓഫര്‍ ചെയ്യാന്‍ കഴിയും.
ഓരോ തവണ പന്ത് മെസിയുടെ കാലില്‍ എത്തുമ്പോള്‍ ആവേശകരമായ എന്തെങ്കിലും സംഭവിക്കുന്നു. അദ്ദേഹം എപ്പോഴും മത്സരത്തെ നന്നായി മനസിലാക്കുകയും മികച്ച നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. പന്ത് നഷ്ടപ്പെട്ടാല്‍, അത് തിരികെ നേടാന്‍ അദ്ദേഹം പരിശ്രമിക്കുന്നു. മെസി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അദ്ദേഹം ലോകകപ്പില്‍ മികച്ച ഫോമിലായിരിക്കുമെന്ന് കരുതുന്നു,’ നസാരിയോ പറഞ്ഞു.
Content Highlight: Ronaldo Nazario says Lionel Messi has lot to offer Argentina in FIFA World Cup 2026