സഞ്ജുവിന്റെ 13 റണ്‍സൊക്കെ മാറി നില്‍ക്കും; ഇവന്റേത് അതുക്കും മേലെ!
Cricket
സഞ്ജുവിന്റെ 13 റണ്‍സൊക്കെ മാറി നില്‍ക്കും; ഇവന്റേത് അതുക്കും മേലെ!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th August 2025, 3:03 pm

കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ്. ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കൊപ്പം കളിച്ച താരം കഴിഞ്ഞ ദിവസം സി.പി.എല്ലിൽ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. സെന്റ് ലൂസിയ കിങ്‌സിനെതിരായ മത്സരത്തില്‍ 34 പന്തില്‍ താരം 73 റണ്‍സാണ് അടിച്ചെടുത്തത്.

ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി ഇറങ്ങിയായിരുന്നു താരത്തിന്റെ പ്രകടനം. 214.70 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്. ഏഴ് സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഷെപ്പേര്‍ഡിന്റെ ഇന്നിങ്‌സ്.

മത്സരത്തിലെ താരം നേടിയ ഏഴ് സിക്സില്‍ മൂന്നും ഒരു ഓവറില്‍ നേടിയതാണ്. അതും ഒരൊറ്റ പന്തില്‍. 15ാം ഓവര്‍ എറിഞ്ഞ ഓശാന തോമസിനെതിരെയാണ് താരം ഒരേ പന്തില്‍ മൂന്ന് സിക്‌സ് അടിച്ചത്. ഇതടക്കം താരം ഈ പന്തില്‍ നേടിയത് 20 റണ്‍സാണ്.

15ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. തോമസ് ആദ്യം അറിഞ്ഞപ്പോള്‍ ആ പന്ത് ഫ്രണ്ട് ഫൂട്ട് നോ ബോളായി. എന്നാല്‍, ഷെപ്പേര്‍ഡിന് റണ്‍സൊന്നും നേടാനായില്ല. പക്ഷേ, അതിന് ലഭിച്ച ഫ്രീ ഹിറ്റില്‍ താരം സിക്‌സ് അടിച്ചു.

എന്നാല്‍, പന്തും നോള്‍ ബോള്‍ ആയതോടെ വീണ്ടും ഫ്രീ ഹിറ്റ് ലഭിച്ചു. അതും താരം ഗാലറിയിലെത്തിച്ചു. രണ്ടാം ഫ്രീ ഹിറ്റിലും തോമസ് നോ ബോൾ എറിഞ്ഞതോടെ അടുത്ത ഫ്രീ ഹിറ്റുമെത്തി. അങ്ങനെ നാലാം പന്തിലും ഷെപ്പേര്‍ഡ് ആറ് റണ്‍സ് നേടി. മൂന്ന് ഫ്രീ ഹിറ്റുകളിലാണ് സിക്‌സ് അടിച്ചതെന്നതിനാല്‍ ഇത് ഒരൊറ്റ ലീഗല്‍ ഡെലിവറിയായി കണക്കാക്കി. അങ്ങനെ ഒറ്റ പന്തില്‍ താരം 20 റണ്‍സ് സ്വന്തമാക്കി.

അതേസമയം. ഇതിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് ലീഗിലും നടന്നിരുന്നു. തൃശൂര്‍ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒറ്റ പന്തില്‍ പിറന്നത് 13 റണ്‍സായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണായിരുന്നു ഇത് നേടിയത്.

മത്സരത്തില്‍ സിജോമോന്‍ ജോസഫ് എറിഞ്ഞ പന്തിനെ സഞ്ജു സിക്‌സിന് പറത്തി. പിന്നീടത് നോ ബോള്‍ ആണെന്ന് തെളിഞ്ഞു. അതോടെ ഒരു ഫ്രീ ഹിറ്റ് ലഭിച്ചു. സഞ്ജു അതിനെയും ഗാലറിയില്‍ എത്തിക്കുകയായിരുന്നു.

Content Highlight: Romario Shepherd hits 20 runs in a single delivery in CPL and surpass Sanju Samson 13 runs of one ball