| Wednesday, 21st May 2025, 8:16 pm

മലയാളികളെ എവിടെ കണ്ടാലും അവര്‍ക്ക് പറയാനുണ്ടാവുക ഒരേയൊരു സിനിമയെ കുറിച്ച്: റോമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റോമ അസ്രാണി. 2006നും 2011നും ഇടയില്‍ മലയാളത്തില്‍ മികച്ച ഹിറ്റ് സിനിമകള്‍ സമ്മാനിക്കാന്‍ റോമയ്ക്ക് സാധിച്ചിരുന്നു. 24ല്‍ അധികം സിനിമകളിലൂടെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞു.

2005ല്‍ മിസ്റ്റര്‍ എറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റോമ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം കാതലേ എന്‍ കാതലേ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് (2006) ആയിരുന്നു റോമയുടെ ആദ്യ മലയാള സിനിമ.

പിന്നീട് 2007ല്‍ ജോഷിയുടെ ജൂലൈ 4, പൃഥ്വിരാജ് സുകുമാരനോടൊപ്പം ചോക്ലേറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. വിനീത് ശ്രീനിവാസനോടൊപ്പം ചെയ്ത മിന്നലഴകേ എന്ന മ്യൂസിക് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശേഷം നിരവധി പടങ്ങളുടെ ഭാഗമായ റോമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. നടി അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു വെള്ളേപ്പം (2021). ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചോക്ലേറ്റ് സിനിമയെ കുറിച്ച് പറയുകയാണ് റോമ.

‘മലയാളി അസോസിയേഷന്‍ പോലുള്ളവയുടെ പരിപാടികളിലും യാത്രകളിലുമായി ഒരുപാട് മുഖങ്ങള്‍ ഞാന്‍ കണ്ടു. അവരോടൊക്കെ സംസാരിച്ചു. അതുകൊണ്ട് തന്നെ ആളുകളില്‍ നിന്ന് മാറിനിന്നു എന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല.

ആളുകള്‍ എന്നെ കാണുമ്പോള്‍ ചോക്ലേറ്റ് സിനിമയെ പറ്റിയാണ് കൂടുതല്‍ സംസാരിക്കുക. വെള്ളേപ്പത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരു പ്രായമായ അമ്മൂമ്മ കാണാന്‍ വന്നിരുന്നു. അമ്മൂമ്മയും ചോക്ലേറ്റ് സിനിമയെ പറ്റി മാത്രമാണ് സംസാരിച്ചത്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി.

കോളേജും പ്രേമവുമൊക്കെയായിരുന്നു ആ സിനിമയില്‍. ആ സമയം യൂത്തായിരുന്നു സിനിമ ഏറ്റെടുത്തത്. എന്നിട്ടും അമ്മൂമ്മ പോലും എന്നെ ഓര്‍ക്കുന്നത് ചോക്ലേറ്റിലെ ആന്‍ എന്ന കഥാപാത്രത്തിലുടെയാണ്. എവിടെ മലയാളികളെ കണ്ടാലും അവര്‍ക്ക് പറയാനുണ്ടാവുക ആനിനെ കുറിച്ചാണ്. ശരിക്കും ആ സിനിമയാണ് എന്റെ ഐഡന്റിറ്റി രൂപപ്പെടുത്തിയത്,’ റോമ പറയുന്നു.

Content Highlight: Roma Asrani Talks About Chocolate Movie

Latest Stories

We use cookies to give you the best possible experience. Learn more