കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവും സാമൂഹിക അനീതികളും തടയാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ രണ്ട് ബില്ലുകള്‍ പരിശോധിച്ച് കര്‍ണാടക മന്ത്രിസഭ.
കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവും സാമൂഹിക അനീതികളും തടയാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ രണ്ട് ബില്ലുകള്‍ പരിശോധിച്ച് കര്‍ണാടക മന്ത്രിസഭ.
‘കര്‍ണാടക രോഹിത് വെമുല ബില്‍ 2026’, ‘ദുരഭിമാനക്കൊല നിരോധന ബില്‍’ എന്നിവയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായത്.
ഈ ബില്ലുകളിലെ ചില നിയമപരമായ വശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാന്‍ തീരുമാനിച്ചതായി നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ അറിയിച്ചു.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതി വിവേചനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സ്മരണാര്‍ത്ഥമാണ് ആദ്യത്തെ ബില്‍ കൊണ്ടുവരുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ദളിത്-ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമം പ്രധാനമായും ഒരു സിവില്‍ നിയമമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വിവേചന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ബില്ലിന്റെ പരിധിയില്‍ എസ്.സി – എസ്.ടി വിഭാഗങ്ങള്‍ക്ക് പുറമെ ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
ദുരഭിമാനക്കൊലകള്‍ തടയാനുള്ള ‘ഇവ നമ്മവ’ ബില്ലാണ് മന്ത്രിസഭ പരിഗണിച്ച മറ്റൊരു പ്രധാന നിയമം. ഇതരമത വിവാഹങ്ങള്‍ നടത്തുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും കര്‍ശനമായ ശിക്ഷാരീതികള്‍ ബില്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ഇത്തരം കേസുകളില്‍ അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും. കൂടാതെ, ഭീഷണി നേരിടുന്ന ദമ്പതികള്‍ക്കായി സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കുകയും പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.
ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ രണ്ട് ബില്ലുകളും ആഭ്യന്തര വകുപ്പിന്റെ കൂടി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും.
Content Highlight: Rohith Vemula Bill, honour killing Bill referred for further review: Karnataka minister