ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നാളെ (മാര്‍ച്ച് 2) നടക്കുന്ന അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കും. മത്സരത്തിന് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റാണ് രോഹിത്ത് കളത്തിലിറങ്ങുമെന്ന് സ്ഥിരീകരിച്ചത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ രോഹിത് കിവീസിനെതിരെ കളിക്കില്ലെന്നും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യയെ നയിക്കുകയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. കണങ്കാലിനേറ്റ പരിക്ക് കാരണം പാകിസ്ഥാനിനെതിരെയുള്ള മത്സരത്തിന് ശേഷം രോഹിത് മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്.
മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തില്‍ താന്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക് സജ്ജമാണെന്നും രോഹിത് പറഞ്ഞിരുന്നു. ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തിന് മുമ്പ് രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു അസിസ്റ്റന്റ് കോച്ച് ടെന്‍ ഡോഷേറ്റ്.
‘അവന്‍ ഓക്കെയാണ്. അവന് മുമ്പുണ്ടായിരുന്ന പരിക്കാണത്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവനറിയാം,’ പരിശീലകന്‍ പറഞ്ഞു.
ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനും സെമി ഫൈനല്‍ മത്സരത്തിനുമുള്ള തയ്യാറെടുപ്പുകളെയും പദ്ധതികളെയും കുറിച്ച് പരിശീലകന്‍ സംസാരിച്ചിരുന്നു. ഞായറാഴ്ച്ച ന്യൂസിലാന്‍ഡിനെതിരെയും മാര്‍ച്ച് നാലിന് സെമി ഫൈനലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. സെമി ഫൈനല്‍ മത്സരത്തിനായി താരങ്ങളെ സജ്ജമാക്കുന്നതിലാണ് മുന്‍ഗണനയെന്നും ടെന്‍ ഡോഷേറ്റ് പറഞ്ഞു. എന്നിരുന്നാലും താരങ്ങള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് വിശ്രമം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് കഠിനമായ പരിശീലന സെഷനുണ്ടായിരുന്നു. അതായിരുന്നു മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്. ഞങ്ങളുടെ മികച്ച കളിക്കാര്‍ സെമി ഫൈനലിന് ലഭ്യമാണെന്നും പൂര്‍ണമായി ഫിറ്റാണെന്നും ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന. പക്ഷേ, അവര്‍ക്ക് രണ്ട് ദിവസത്തേക്ക് വിശ്രമം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ബാലന്‍സ് ശരിയാക്കാന്‍ പരിശീലനം തുടരും,’ അദ്ദേഹം പറഞ്ഞു.
കിവീസിനെതിരെ വിജയം തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് ടെന്‍ ഡോഷേറ്റ് പറഞ്ഞു. താരങ്ങള്‍ക്കിടയില്‍ ആവേശം നിലനിര്‍ത്താനും ഗ്രൂപ്പില്‍ ഒന്നാമതെത്താനും ജയം പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തീര്‍ച്ചയായും ന്യൂസിലാന്‍ഡിനെതിരെ ജയം തന്നെയാണ് ലക്ഷ്യം. ആവേശം നിലനിര്‍ത്താനും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും വിജയം പ്രധാനമാണ്,’ ടെന്‍ ഡോഷേറ്റ് വ്യക്തമാക്കി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. കറാച്ചി നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Rohit Sharma Will Play Against New Zealand In Champions Trophy