കരിയറിലെ 500ാം അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനമാണ് രോഹിത്തിന്റെ 500ാം അന്താരാഷ്ട്ര മത്സരമായി അടയാളപ്പെടുത്തുക. ഒക്‌ടോബര്‍ 19ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒമ്പത് താരങ്ങള്‍ മാത്രമാണ് 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നാല് പേരും ഇന്ത്യന്‍ താരങ്ങളുമാണ്. ഈ റെക്കോഡ് നേട്ടത്തില്‍ പത്താമനും അഞ്ചാമനുമായി ഇടം നേടാനാണ് രോഹിത് ഒരുങ്ങുന്നത്.
കരിയറിലെ ഐതിഹാസിക മത്സരത്തില്‍ രോഹിത് എത്ര റണ്‍സടിക്കും എന്ന് മാത്രമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം രോഹിത് ശര്‍മ കളിക്കുന്ന ആദ്യ ഏകദിനവും ആദ്യ അന്താരാഷ്ട്ര മത്സരവുമാണ് പെര്‍ത്തില്‍ അരങ്ങേറുന്നത്.
തങ്ങളുടെ 500ാം അന്താരാഷ്ട്ര മത്സരത്തില്‍ മിക്ക താരങ്ങള്‍ക്കും തിളങ്ങാന്‍ സാധിച്ചിട്ടില്ല. ദ്രാവിഡും കാല്ലിസും ജയസൂര്യയുമെല്ലാം ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ രണ്ട് താരങ്ങള്‍ അര്‍ധ സെഞ്ച്വറിക്കരികെ കാലിടറി വീണു.
ഏകദിനത്തിലാണ് രോഹിത് ശര്‍മ ഏറ്റവുമധികം തവണ മത്സരം കളിച്ചത്. 273 മത്സരങ്ങളില്‍. 159 അന്താരാഷ്ട്ര ടി-20കളിലും 67 റെഡ് ബോള്‍ മാച്ചിലും രോഹിത് ശര്‍മ ഇന്ത്യന്‍ ജേഴ്‌സിയിലെത്തി.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തി കളിക്കുക. ഈ മൂന്ന് മത്സരത്തിലും രോഹിത് ടീമിനൊപ്പമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം – ഏകദിന പരമ്പര
ആദ്യ ഏകദിനം – ഒക്ടോബര്‍ 19, ഞായര്‍ – ഒപ്റ്റസ് സ്റ്റേഡിയം പെര്‍ത്
രണ്ടാം ഏകദിനം – ഒക്ടോബര്‍ 23, വ്യാഴം – അഡ്‌ലെയ്ഡ് ഓവല്‍
അവസാന ഏകദിനം – ഒക്ടോബര്‍ 25, ശനി – സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയം