ആ വിജയം ഓസ്‌ട്രേലിയയ്ക്ക് നല്‍കിയ സമ്മാനം; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
Sports News
ആ വിജയം ഓസ്‌ട്രേലിയയ്ക്ക് നല്‍കിയ സമ്മാനം; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th June 2025, 10:34 pm

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

2024ല്‍ ഇന്ത്യ കിരീടമുയര്‍ത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശര്‍മ. കിരീട നേട്ടത്തിന് പുറമെ ഓസ്‌ട്രേലിയയ്ക്ക് നല്‍കിയ ഒരു സമ്മാനം കൂടിയായിരുന്നു വിജയമെന്നും രോഹിത് പറഞ്ഞു. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു. എന്നാല്‍ 2024ല്‍ കിരീടം നേടി മധുരപ്രതികാരം ചെയ്യാന്‍ സാധിച്ചെന്ന് രോഹിത് സൂചിപ്പിച്ചു.

‘നവംബര്‍ 19ന് നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ നമ്മുടെയും മുഴുവന്‍ രാജ്യത്തിന്റെയും സന്തോഷം നശിപ്പിച്ചു, അതിനാല്‍ നമ്മള്‍ അവര്‍ക്കൊരു നല്ല ഒരു സമ്മാനം കൂടി നല്‍കണം. ഡ്രസ്സിങ് റൂമില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ഞങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടി-20 ലോകകപ്പില്‍ നിന്ന് അവര്‍ പുറത്താകുമെന്ന് ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

പ്രോട്ടിയാസിനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

വിരാടിന് പുറമെ ഒരു ഫോറും നാല് സിക്‌സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ നിര്‍ണായകമായിരുന്നു. മാത്രമല്ല ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനവും നടത്തി.

Content Highlight: Rohit Sharma Talking About Australian Cricket Team