ക്രിക്കറ്റ് ലോകത്ത് കരുത്ത് തെളിയിച്ചുകൊണ്ട് ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ രോഹിത്തിന് നേരത്തെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ നിര്‍ണായകമായത് ക്യാപ്റ്റന്റെ പ്രകടനം തന്നെയാണ്. മത്സരശേഷം താന്‍ 2027 ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിന് ജിയോ ഹോട്ട്സ്റ്റാറില്‍ മറുപടി പറയുകയാണ് രോഹിത്.
‘ഇപ്പോള്‍, കാര്യങ്ങള്‍ക്കനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. അധികം മുന്നോട്ട് ചിന്തിക്കുന്നത് എനിക്ക് നല്ലതാവില്ല. ഈ നിമിഷം നന്നായി കളിക്കുന്നതിലും ശരിയായ മാനസികാവസ്ഥ നിലനിര്‍ത്തുന്നതിലുമാണ് എന്റെ ശ്രദ്ധ. 2027 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ ഇല്ലയോ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. അതിന് ഇനിയും സമയമുണ്ട്.
ഇപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. യാഥാര്‍ത്ഥ്യബോധത്തോടെ പറഞ്ഞാല്‍, ഞാന്‍ എപ്പോഴും എന്റെ കരിയറില്‍ ഓരോ ചുവടുവെപ്പ് മാത്രമേ എടുക്കുകയുള്ളൂ. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
മുന്‍കാലങ്ങളിലും ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോള്‍, ഞാന്‍ എന്റെ ക്രിക്കറ്റും ഈ ടീമിനൊപ്പം ചെലവഴിക്കുന്ന സമയവും ആസ്വദിക്കുന്നു. എന്റെ സഹതാരങ്ങളും എന്റെ സാന്നിധ്യം ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ഘട്ടത്തില്‍ അത്രമാത്രമാണ് പ്രധാനം,’ രോഹിത് ജിയോ ഹോട്ട്സ്റ്റാറില്‍ പറഞ്ഞു.
അതേസമയം ഫോര്‍മാറ്റില്‍ നിന്ന് സീനിയര്‍ താരങ്ങളായ രോഹിത്തും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും വിരമിക്കുന്നില്ല എന്ന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതോടെ മൂവരും 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു. 2023ല്‍ ഇന്ത്യ ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുകയായിരുന്നു.
Content Highlight: Rohit Sharma Talking About 2027 ODI World Cup