ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനത്തിലേക്കെത്തുകയാണ്. മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് ഇന്ത്യ കങ്കാരുക്കളുടെ മണ്ണിലെത്തി കളിക്കുക. ഒക്ടോബര്‍ 19ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം മുന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. കരിയറിലെ 500ാം അന്താരാഷ്ട്ര മത്സരമാണ് രോഹിത് കളിക്കുന്നത്.
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒമ്പത് താരങ്ങള്‍ മാത്രമാണ് കരിയറില്‍ 500 അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ നാല് പേരും ഇന്ത്യന്‍ താരങ്ങളാണ് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇക്കൂട്ടത്തില്‍ പത്താമനായും അഞ്ചാമനായും ഇടം നേടാനാണ് രോഹിത് ഒരുങ്ങുന്നത്.
ഈ മത്സരത്തില്‍ രോഹിത് എത്ര റണ്‍സടിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കാരണം 500ാം മത്സരം താരങ്ങളെ അത്ര കണ്ട് തുണച്ചിട്ടില്ല. ചിലര്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ മറ്റുചിലര്‍ അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികില്‍ കാലിടറി വീണു.
500ാം അന്താരാഷ്ട്ര മത്സരത്തില്‍ ഓരോ താരങ്ങളുടെയും സ്‌കോര്‍
(താരം – ടീം – 500ാം മത്സരത്തിലെ സ്‌കോര്‍ – ആകെ മത്സരം എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 35 – 664
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11 – 652
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 48 – 594
സനത് ജയസൂര്യ – ശ്രീലങ്ക – 1 – 586
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 44 – 560
എം.എസ്. ധോണി – ഇന്ത്യ – 32* – 538
വിരാട് കോഹ്‌ലി – ഇന്ത്യ – 121 – 536*
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 22 – 524
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 6 – 519
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 2 – 509
(പട്ടിക കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ മുതല്‍ കുറവ് മത്സരങ്ങള്‍ കളിച്ചവര്‍ എന്നീ ക്രമത്തില്‍)
50 ഓവര്‍ ഫോര്‍മാറ്റിലാണ് രോഹിത് ശര്‍മ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചത്. കിരീടം നേടാന്‍ സാധിക്കാതെ പോയ 2023 ലോകകപ്പ് ഫൈനലും കിരീടം സ്വന്തമാക്കിയ 2025 ചാമ്പ്യന്‍സ് ട്രോഫി ഫൈനലുമടക്കം ഹിറ്റ്മാന്‍ കളത്തിലിറങ്ങിയത് 273 ഏകദിനങ്ങളിലാണ്. 159 അന്താരാഷ്ട്ര ടി-20കളിലും 67 ടെസ്റ്റിലും രോഹിത് ഇന്ത്യയെ പ്രതിനിധീകരിച്ചു.
നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന രോഹിത്, പരമ്പരയിലെ മൂന്ന് മത്സരത്തിലും കളത്തിലിറങ്ങുമെന്നാണ് വിശ്വസിക്കുന്നത്.