പന്തിന്റെ കാര്യത്തില്‍ തീരുമാനമായെന്നല്ലെ ആ പറഞ്ഞതിന്റെ അര്‍ത്ഥം!
Cricket
പന്തിന്റെ കാര്യത്തില്‍ തീരുമാനമായെന്നല്ലെ ആ പറഞ്ഞതിന്റെ അര്‍ത്ഥം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 10:56 pm

ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം അവസാനിച്ച ഓസ്‌ട്രേലിയന്‍ പരമ്പരയോടെ ആരൊക്കെ ലോകകപ്പില്‍ ഇന്ത്യന്‍ ഇലവനില്‍ കാണുമെന്ന് ഊഹിക്കാവുന്നതാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ കാര്യത്തിലാണ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും സംശയമുണ്ടായിരുന്നത്. റിഷബ് പന്തിന്റെ ഫോം ഔട്ട് തന്നെയായിരുന്നു ഇതിന്റെ കാരണം. എന്നാല്‍ നിലവില്‍ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിനാണ് പന്തിന് മുകളില്‍ അവസരം ലഭിക്കുന്നത്.

ടീമിന്റെ ഫിനിഷര്‍ റോളിലാണ് അദ്ദേഹം കളിക്കുന്നത്. എന്നാല്‍ മിക്ക മത്സരങ്ങളിലും അവസാനത്തെ കുറച്ചു ബൗളുകള്‍ മാത്രമേ കളിക്കാന്‍ സാധിക്കാറുള്ളു. ലോകകപ്പിന് മുന്നോടിയായി മിഡില്‍ ഓര്‍ഡറില്‍ അദ്ദേഹത്തിന് കുറച്ചുകൂടെ അവസരം നല്‍കുമെന്ന് പറയുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

‘ലോകകപ്പിന് മുമ്പായി കാര്‍ത്തിക്കിന് പരമാവധി അവസരങ്ങള്‍ നല്‍കാനായി ഞാന്‍ ശ്രദ്ധിക്കും. റിഷബ് പന്തിനും അവസരം നല്‍കും. ഏഷ്യാകപ്പില്‍ ഇരുവര്‍ക്കും വേണ്ട വിധത്തില്‍ ബാറ്റുചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. കാര്‍ത്തിക്കിന് ഓസീസിനെതിരായ പരമ്പരയില്‍ വളരെ കുറച്ചുപന്തുകള്‍ മാത്രമാണ് ലഭിച്ചത്.’ രോഹിത് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിലെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടിയിരുന്നു. എന്നാല്‍ വെറും ഏഴ് പന്തുകള്‍ മാത്രമാണ്
കളിക്കാന്‍ കിട്ടിയത്. കിട്ടിയ അവസരം താരം നന്നായി വിനിയോഗിച്ചിട്ടുമുണ്ട്. സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കാര്‍ത്തിക്കിന് സ്ഥാനക്കയറ്റം ലഭിച്ചേക്കും.

ലോകകപ്പിന് മുന്നോടിയായി ഏറ്റവും മികച്ച ഇലവന്‍ തന്നെ തയ്യാറാക്കാനുള്ള പുറപ്പാടിലാണ് ടീം ഇന്ത്യ. ബാറ്റിങ്ങില്‍ കരുത്ത് കാട്ടുന്ന ഇന്ത്യന്‍ ടീമിന് ബൗളിങ്ങില്‍ പലപ്പോഴായി പണികിട്ടുന്ന കാഴ്ച ഈയിടെയായി കാണാന്‍ സാധിക്കുന്നുണ്ട്.

ബാറ്റിങ്ങും ബൗളിങ്ങും എല്ലാം ഒരുപോലെ മികച്ചതാക്കി മികച്ച ടീമിനെ തന്നെ ഇറക്കി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മുട്ടിടിക്കുന്ന ടീമെന്ന ചീത്തപ്പേര് മാറ്റാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

Content Highlight: Rohit Sharma says He will back Dinesh Karthik before worldcup