വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്; അമ്പരന്ന് ആരാധകര്‍!
ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം വിരമിക്കലിനെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തത്. രോഹിത്തിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വിവരം പങ്കിടാന്‍ ആഗ്രഹിക്കുന്നു. വെള്ള വസ്ത്രത്തില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും,’ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായാണ് രോഹിത് ഈ തീരുമാനം എടുത്തത്. മെയ് രണ്ടാം വാരം നടക്കുന്ന സീരീസില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാകുമെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ സമീപകാലത്ത് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ന്യൂസിലാന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ പരമ്പര തോല്‍വിയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയവും രോഹിത്തിനെ അലട്ടിയിരുന്നു. ഇതിനെല്ലാം ഇടയിലാണ് താരത്തിന്റെ പെട്ടെന്നുള്ള വിരമിക്കല്‍.
ഇന്ത്യക്ക് വേണ്ടി 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രോഹിത്. 116 ഇന്നിങ്‌സില്‍ നിന്നും 4301 റണ്‍സ് സ്വന്തമാക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം ഫോര്‍മാറ്റില്‍ 40.6 ആവറേജിലാണ് താരം ബാറ്റ് വീശിയത്.

ടെസ്റ്റില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും രോഹിത് നേടിയിട്ടുണ്ട്. 88 സിക്‌സറുകളും 473 ഫോറും ഫോര്‍മാറ്റില്‍ രോഹിത് അടിച്ചെടുത്തു. മാത്രമല്ല 24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് 12 വിജയവും 9 തോല്‍വിയുമാണ് ഫോര്‍മാറ്റില്‍ ഏറ്റുവാങ്ങിയത്.
നേരത്തെ 2024 ടി-20 ലോകകപ്പില്‍ കിരീടം ചൂടിയതോടെ ഫോര്‍മാറ്റില്‍ നിന്ന് രോഹിത് പടിയിറങ്ങിയിരുന്നു. അന്ന് തന്നോടൊപ്പം സൂപ്പര്‍താരം വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയക്കെതിരെ 2023-24 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ രോഹിത് സാധിച്ചിരുന്നു.
Content Highlight: Rohit Sharma Retire From Indian Test Cricket