സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലേറ്റുവാങ്ങേണ്ടി വന്ന വൈറ്റ്‌വാഷ് തോല്‍വിക്ക് ശേഷം ഇന്ത്യ അടുത്ത മത്സരങ്ങള്‍ക്കൊരുങ്ങുകയാണ്. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ആതിഥേയര്‍ക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് തെംബ ബാവുമയും സംഘവും ഇന്ത്യയിലെത്തി കളിക്കുന്നത്.
നവംബര്‍ 30നാണ് പരമ്പര ആരംഭിക്കുന്നത്. റാഞ്ചിയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്.
ഈ പരമ്പരയില്‍ മുന്‍ നായകനും ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറുമായ രോഹിത് ശര്‍മയെ ഒരു ഐതിഹാസിക നേട്ടമാണ് കാത്തിരിക്കുന്നത്. 20,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് രോഹിത് ഒരുങ്ങുന്നത്. വെറും 98 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ചരിത്ര നേട്ടത്തിലെത്താന്‍ ഹിറ്റ്മാന് സാധിക്കും.
രോഹിത് ശര്‍മ | Photo BCCI
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലെ 535 ഇന്നിങ്സില്‍ നിന്നുമായി 19,902 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 42.43 ആണ് താരത്തിന്റെ ശരാശരി.
50 ഓവര്‍ ഫോര്‍മാറ്റിലാണ് രോഹിത് ഏറ്റവുമധികം റണ്‍സ് നേടിയത്. ഏകദിനത്തില്‍ 268 ഇന്നിങ്സില്‍ നിന്നും 11,370 റണ്‍സാണ് രോഹിത് തന്റെ പേരിന് നേരെ ചേര്‍ത്തുവെച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 116 ഇന്നിങ്സില്‍ നിന്നും 4,301 റണ്‍സും 151 ടി-20 ഇന്നിങ്സില്‍ നിന്നും 4,231 റണ്‍സും ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുണ്ട്.
കരിയറില്‍ 50 സെഞ്ച്വറി അടിച്ചുകൂട്ടിയ 109 അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്സിയില്‍ 1922 ഫോറുകളും 642 സിക്സറുകളുമാണ് രോഹിത്തിന്റെ സമ്പാദ്യം.
രോഹിത് ശര്‍മ | Photo BCCI
ടെസ്റ്റില്‍ നിന്നും അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്തിന് 20,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണ്‍ പിന്നിടാന്‍ ഇനി ഏകദിന ഫോര്‍മാറ്റ് മാത്രമാണ് അവശേഷിക്കുന്നത്.
പ്രോട്ടിയാസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഈ നേട്ടം പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
പ്രോട്ടിയാസിനെതിരെ 98 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14ാം താരമെന്ന നേട്ടവും നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് ശര്‍മ സ്വന്തമാക്കും.
രോഹിത് ശര്‍മ | Photo BCCI
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (34,357), വിരാട് കോഹ്‌ലി (27,673), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന മാജിക് ബാരിയര്‍ പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.
നേരത്തെ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പരയുടെ താരമായ രോഹിത്, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ തന്നെ 20,000 റണ്‍സ് പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം – ഏകദിന പരമ്പര
ആദ്യ ഏകദിനം – നംവബര്‍ 30, ഞായര്‍ – റാഞ്ചി
രണ്ടാം ഏകദിനം – ഡിസംബര്‍ 3, ബുധന്‍ – റായ്പൂര്‍
അവസാന ഏകദിനം – ഡിസംബര്‍ 6, ശനി – വിശാഖപട്ടണം
Content highlight: Rohit Sharma need 98 runs to complete 20,000 international runs