സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലേറ്റുവാങ്ങേണ്ടി വന്ന വൈറ്റ്‌വാഷ് തോല്‍വിക്ക് ശേഷം ഇന്ത്യ അടുത്ത മത്സരങ്ങള്‍ക്കൊരുങ്ങുകയാണ്. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ആതിഥേയര്‍ക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് തെംബ ബാവുമയും സംഘവും ഇന്ത്യയിലെത്തി കളിക്കുന്നത്.
നവംബര്‍ 30നാണ് പരമ്പര ആരംഭിക്കുന്നത്. റാഞ്ചിയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്.
ഈ പരമ്പരയില്‍ മുന്‍ നായകനും ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറുമായ രോഹിത് ശര്‍മയെ ഒരു ഐതിഹാസിക നേട്ടമാണ് കാത്തിരിക്കുന്നത്. 20,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് രോഹിത് ഒരുങ്ങുന്നത്. വെറും 98 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ചരിത്ര നേട്ടത്തിലെത്താന്‍ ഹിറ്റ്മാന് സാധിക്കും.
രോഹിത് ശര്‍മ | Photo BCCI
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലെ 535 ഇന്നിങ്സില്‍ നിന്നുമായി 19,902 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 42.43 ആണ് താരത്തിന്റെ ശരാശരി.
50 ഓവര്‍ ഫോര്‍മാറ്റിലാണ് രോഹിത് ഏറ്റവുമധികം റണ്‍സ് നേടിയത്. ഏകദിനത്തില്‍ 268 ഇന്നിങ്സില്‍ നിന്നും 11,370 റണ്‍സാണ് രോഹിത് തന്റെ പേരിന് നേരെ ചേര്‍ത്തുവെച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 116 ഇന്നിങ്സില്‍ നിന്നും 4,301 റണ്‍സും 151 ടി-20 ഇന്നിങ്സില്‍ നിന്നും 4,231 റണ്‍സും ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുണ്ട്.
ടെസ്റ്റില്‍ നിന്നും അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്തിന് 20,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണ്‍ പിന്നിടാന്‍ ഇനി ഏകദിന ഫോര്‍മാറ്റ് മാത്രമാണ് അവശേഷിക്കുന്നത്.
പ്രോട്ടിയാസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഈ നേട്ടം പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (34,357), വിരാട് കോഹ്‌ലി (27,673), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന മാജിക് ബാരിയര്‍ പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.
നേരത്തെ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പരയുടെ താരമായ രോഹിത്, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ തന്നെ 20,000 റണ്‍സ് പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.