ചരിത്രം കാത്തിരിക്കുന്നു, 41 റണ്‍സകലെ... സച്ചിന്‍ ഒന്നാമതുള്ള ലിസ്റ്റില്‍ വിരാടിനും ഡി വില്ലിയേഴ്‌സിനും കൂട്ടാകാന്‍ ഹിറ്റ്മാന്‍
Sports News
ചരിത്രം കാത്തിരിക്കുന്നു, 41 റണ്‍സകലെ... സച്ചിന്‍ ഒന്നാമതുള്ള ലിസ്റ്റില്‍ വിരാടിനും ഡി വില്ലിയേഴ്‌സിനും കൂട്ടാകാന്‍ ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd December 2025, 10:04 am

കരിയറിലെ സുപ്രധാന നാഴികക്കല്ലിലേക്ക് കൂടുതല്‍ അടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന റെക്കോഡ് നേട്ടമാണ് ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നത്. വെറും 41 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ രോഹിത്തിന്റെ പേരില്‍ ഈ ചരിത്ര നേട്ടം കുറിക്കപ്പെടും.

ക്രിക്കറ്റിലെ ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ രോഹിത്തിന് ഏകദിനത്തില്‍ നിന്നുമാണ് ഇനി ഈ നേട്ടത്തിലെത്തേണ്ടത്. നിലവില്‍ ഏകദിനത്തില്‍ സ്വപ്‌ന ഫോമില്‍ തുടരുന്ന രോഹിത്തിന് വരും മത്സരത്തില്‍ തന്നെ ഈ നേട്ടത്തിലെത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

രോഹിത് ശര്‍മ. Photo: BCCI/x.com

ഏകദിനത്തില്‍ ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. 76, 8, 73, 121*, 57 എന്നിങ്ങനെയാണ് അവസാന അഞ്ച് ഏകദിനത്തില്‍ രോഹിത് അടിച്ചെടുത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലെ 536 ഇന്നിങ്‌സില്‍ നിന്നുമായി 19,959 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 42.46 ആണ് താരത്തിന്റെ ശരാശരി.

രോഹിത് ശര്‍മ മൂന്ന് ഫോർമാറ്റുകളില്‍. Photo: BCCI/x.com | BCCI/x.com | Indian Cricket Heroes IN/ Facebook.com

നിലവില്‍ മികച്ച രീതിയില്‍ തുടരുന്ന 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്നെയാണ് രോഹിത് ഏറ്റവുമധികം റണ്‍സ് നേടിയത് എന്നതും ശ്രദ്ധേയമാണ്. ഏകദിനത്തില്‍ 269 ഇന്നിങ്‌സില്‍ നിന്നും 11,427 റണ്‍സാണ് രോഹിത് തന്റെ പേരിന് നേരെ ചേര്‍ത്തുവെച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 116 ഇന്നിങ്‌സില്‍ നിന്നും 4,301 റണ്‍സും 151 ടി-20 ഇന്നിങ്‌സില്‍ നിന്നും 4,231 റണ്‍സും ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുണ്ട്.

കരിയറില്‍ 50 തവണ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് 109 അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 1922 ഫോറുകളും 642 സിക്‌സറുകളുമാണ് രോഹിത്തിന്റെ സമ്പാദ്യം.

പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 41 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 13ാം താരമെന്ന നേട്ടവും നാലാം ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെടും.

രോഹിത് ശര്‍മ. Photo: BCCI/x.com

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (27,673), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന മാജിക് ബാരിയര്‍ പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.

കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, മഹേല ജയവര്‍ധനെ, ജാക് കാല്ലിസ്, ബ്രയാന്‍ ലാറ, ജോ റൂട്ട്, സനത് ജയസൂര്യ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ഇന്‍സമാം ഉള്‍ ഹഖ്, എ.ബി. ഡി വില്ലിയേഴ്‌സ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം, ആദ്യ മത്സരം പരാജയപ്പെട്ട സന്ദര്‍ശകര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.

 

Content Highlight: Rohit Sharma need 41 runs to complete 20,000 international runs