2025 ഐ.പി.എല്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വമ്പന്‍ താരങ്ങളേയാണ് ഇക്കുറി ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. അത്തരത്തില്‍ മികച്ച സ്‌ക്വാഡാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ 16.30 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസിയുമായി പല പ്രശ്‌നങ്ങളും നിലനിന്നിരുന്നതോടെ 2025ല്‍ താരം മുംബൈയുടെ കൂടെ ഉണ്ടാകുമോ എന്ന വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഈ തവണ മുംബൈയുടെ കൂടെ ഐ.പി.എല്ലില്‍ ചരിത്രം കുറിക്കാനാണ് രോഹിത് ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ മുംബൈ മോശം പ്രകടനമാണ് നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വന്‍ തുകയ്ക്കാണ് പാണ്ഡ്യയെ മുംബൈ റാഞ്ചിയത്. ശേഷം അഞ്ച് തവണ മുംബൈക്ക് വേണ്ടി കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഐ.പി.എല്ലില്‍ 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി അരങ്ങേറിയ രോഹിത്തിനെ 2011ലെ മെഗാലേലത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. പിന്നീട് 2013 മുതല്‍ ടീമിന്റെ ക്യാപ്റ്റനായും ബാറ്ററായും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.