2025ലെ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് രോഹിത് ഈ വര്‍ഷം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്ന ഏകദിന മത്സരങ്ങള്‍ എന്നതിനാല്‍ ഈ പരമ്പരക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
വരും മത്സരങ്ങളില്‍ കരിയറിലെ ഒരു സുപ്രധാന റെക്കോഡാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ഏകദിനങ്ങളില്‍ 11,000 റണ്‍സ് എന്ന റെക്കോഡ് നേട്ടത്തിലേക്കാണ് രോഹിത് കണ്ണുവെക്കുന്നത്. 134 റണ്‍സ് കൂടി കണ്ടെത്തിയാല്‍ രോഹിത്തിന് 11,000 ക്ലബ്ബില്‍ ഇടം നേടാം.
257 ഇന്നിങ്‌സില്‍ നിന്നും 49.16 ശരാശരിയില്‍ 10,866 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 31 സെഞ്ച്വറികളും 57 അര്‍ധസെഞ്ച്വറികളും പൂര്‍ത്തിയാക്കിയ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 264 ആണ്.
അടുത്ത 18 ഇന്നിങ്‌സില്‍ 134 റണ്‍സ് നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ മറ്റൊരു റെക്കോഡും താരത്തിന് സ്വന്തമക്കാനാകും. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനത്തിലേക്കാണ് രോഹിത് കണ്ണുവെക്കുന്നത്.
222 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്‌ലിയുടെ പേരിലാണ് ഈ റെക്കോഡ് നിലവിലുള്ളത്. 276 ഇന്നിങ്‌സില്‍ നിന്നും 11,000 റണ്‍സ് പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നിലവില്‍ പട്ടികയിലെ രണ്ടാമന്‍.