ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ പ്രോട്ടിയാസിനെതിരെ 408 റണ്‍സിന്റെ കൂറ്റന്‍ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 30ന് റാഞ്ചിയിലാണ് മത്സരം.
സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും. ടെസ്റ്റില്‍ അടപടലം പരാജയപ്പെട്ട ഇന്ത്യ സൂപ്പര്‍ താരങ്ങളുടെ കരുത്തില്‍ ഏകദിന പരമ്പര വിജയിക്കുമെന്നാണ് ഏവരും കരുതുന്നത്. ഇതോടെ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മ പ്രോട്ടിയാസിന് ഒരു മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.
ഐ.സി.സിയുടെ ഏകദിന ഫോര്‍മാറ്റിലെ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമനായാണ് രോഹിത് തന്റെ ആധിപത്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. നേരത്തെ ബാറ്റിങ്ങില്‍ ഒന്നാമനായ ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചലിനെ രണ്ടാം സ്ഥാനത്തേക്ക് ഇറക്കിവിട്ടാണ് ഹിറ്റ്മാന്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്.
ഇതോടൊപ്പം വരാനിരിക്കുന്ന മത്സരങ്ങളില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്നത് മുതല്‍ പല നേട്ടങ്ങളും രോഹിത്തിന്റെ മുന്നിലുണ്ട്. പ്രോട്ടിയാസിനെതിരെ കളത്തിലിറങ്ങിയാല്‍ രോഹിത് വെടിക്കെട്ട് പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ റെഡ്‌ബോളില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത പ്രോട്ടിയാസിനോട് വൈറ്റ് ബോളില്‍ പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്കുള്ളത്.
അതേസമയം കെ.എല്‍. രാഹുലിന് ക്യാപ്റ്റന്‍സി നല്‍കിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.