ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 236 റണ്‍സ് 69 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സൂപ്പര്‍ താരം വിരാട് രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ വിജയം സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ആരാധകരെ ഏറെ ആവേശത്തിലാക്കിയത്. നേരിട്ട 105ാം പന്തിലാണ് രോഹിത് സെഞ്ച്വറി നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്‌നിയില്‍ സ്വന്തമാക്കിയത്. മാത്രമല്ല ഇതോടെ അന്താരാഷ്ട്ര തലത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മക്ക് സാധിച്ചു.
ഇതിനെല്ലാം പുറമെ ഒരു കിടിലന്‍ റെക്കോഡില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ വമ്പന്‍ റെക്കോഡില്‍ ഇതിഹാസതാരം സച്ചിനൊപ്പമാണ് രോഹിത് സിംഹാസനം പങ്കിടുന്നത്. ഇരുവരും ഒമ്പത് സെഞ്ച്വറികളാണ് നേടിയത്.
𝗛𝗮𝗹𝗳 𝗰𝗲𝗻𝘁𝘂𝗿𝘆 𝗼𝗳 𝗖𝗘𝗡𝗧𝗨𝗥𝗜𝗘𝗦 💯
Rohit Sharma adds another special milestone to his terrific international career 🫡
ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ഇന്നിങ്‌സ്, സെഞ്ച്വറി
രോഹിത് ശര്‍മ – 49 – 9*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 70 – 9
വിരാട് കോഹ്‌ലി – 51 – 8
ഡെസ്‌മോണ്ട് ഹെയ്ന്‍സ് – 64 – 6
മത്സരത്തില്‍ രോഹിത് 125 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്‌ലി 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74 റണ്‍സും നേടി തിളങ്ങി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 24 റണ്‍സിനാണ് പുറത്തായത്.
അതേസമയം ഓസ്‌ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Rohit Sharma In Great Record Achievement In ODI Against Australia