ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഒടുവില്‍ കളിച്ച പരമ്പരകളില്‍ സ്വന്തമാക്കിയ മികച്ച വിജയം തന്നെയാണ് കിവികള്‍ക്കെതിരെ കളിത്തിലറങ്ങുമ്പോഴും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മികച്ച ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയും സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാട് കോഹ്‌ലിയുമായിരുന്നു പരമ്പരയുടെ താരങ്ങള്‍.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. Photo: BCCI/x.com
2027 ലോകപ്പ് ലക്ഷ്യമിട്ട് ബാറ്റ് വീശുന്ന ഇരുവരും തങ്ങളുടെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഓപ്പണിങ്ങില്‍ രോഹിത്തും വണ്‍ ഡൗണില്‍ വിരാടും അടിത്തറയൊരുക്കുന്ന ഇന്നിങ്‌സ് കെട്ടിപ്പൊക്കേണ്ട ചുമതല മാത്രമാണ് പിന്നാലെയെത്തുന്നവര്‍ക്ക് ഉണ്ടാകാറുള്ളത്.
മുപ്പതുകളിലും രോഹിത് ശര്‍മ എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ സ്റ്റാറ്റുകള്‍. ഈ പതിറ്റാണ്ടില്‍ ആദ്യ പത്ത് ഓവറിനകം തന്നെ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരമാണ് രോഹിത്.
രോഹിത് ശര്‍മ. Photo: BCCI/x.com
അഞ്ച് തവണയാണ് 2020 മുതല്‍ രോഹിത് ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയത്. ഈ റെക്കോഡില്‍ ഒന്നാമനും രോഹിത് തന്നെയാണ്.
നാല് സെഞ്ച്വറികളുമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് പട്ടികയിലെ രണ്ടാമന്‍. മൂന്ന് തവണ ഈ നേട്ടവുമായി ഡേവിഡ് വാര്‍ണര്‍ മൂന്നാമനായി ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
ന്യൂസിലാന്‍ഡിനെതിരെയും സമാന പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇക്കാരണം കൊണ്ട് തന്നെ തന്റെ നൂറ് ശതമാനവും രോഹിത് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
രോഹിത് ശര്‍മ. Photo: BCCI/x.com
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, യശസ്വി ജെയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാന്‍ഡ് സ്‌ക്വാഡ്
ഹെന്‌റി നിക്കോള്‍സ്, നിക് കെല്ലി, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജോഷ് ക്ലാര്‍ക്‌സണ്‍, ക്രിസ് ക്ലാര്‍ക്, മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സാക്ക് ഫോള്‍ക്‌സ്, ഡെവോണ്‍ കോണ്‍വേ, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), ആദിത്യ അശോക്, ജെയ്ഡന്‍ ലെനക്‌സ്, കൈല്‍ ജാമൈസണ്‍, മൈക്കല്‍ റേ.
Content Highlight: Rohit Sharma has more 50s inside first 10 overs in ODIs this decade.