ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ 264 റണ്‍സിന്റെ ടോട്ടലാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിയത്. രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.
ആദ്യ മത്സരത്തിലേതിന് സമാനമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ് ലിയും നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് – ശ്രേയസ് ദ്വയം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രോഹിത് 97 പന്ത് നേരിട്ട് 73 റണ്‍സടിച്ചപ്പോള്‍ 77 പന്തില്‍ 61 റണ്‍സാണ് അയ്യരിന്റെ സമ്പാദ്യം.
Innings Break!
A 118-run partnership between Rohit Sharma and Shreyas Iyer propels #TeamIndia to a total of 264/9.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും രോഹിത് ശര്‍മയെ തേടിയെത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ മറികടന്നുകൊണ്ടാണ് 38കാരനായ ഹിറ്റ്മാന്റെ റെക്കോഡ് നേട്ടം.
Rohit Sharma and Shreyas Iyer steady ship for #TeamIndia with a fine 50-run partnership 👏👏
രോഹിത്തിനും രാഹുലിനും പുറമെ അക്‌സര്‍ പട്ടേലാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. 41 പന്ത് നേരിട്ട പട്ടേല്‍ 44 റണ്‍സ് നേടി. വാലറ്റത്ത് ഹര്‍ഷിത് റാണയും (18 പന്തില്‍ 24) അര്‍ഷ്ദീപ് സിങ്ങും (14 പന്തില്‍ 13) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 250 കടത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 264ലെത്തി.
ഓസ്‌ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റുകളുമായി തിളങ്ങി. ഇതോടെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം തവണ ഏകദിനത്തില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും സാംപയ്ക്ക് സാധിച്ചു.