കാത്തിരുന്നത് 276 മത്സരങ്ങള്‍, ഓപ്പണറായി 189 മത്സരം; അഞ്ചാമനായി ചരിത്ര നേട്ടം
Sports News
കാത്തിരുന്നത് 276 മത്സരങ്ങള്‍, ഓപ്പണറായി 189 മത്സരം; അഞ്ചാമനായി ചരിത്ര നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th October 2025, 3:25 pm

ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കില്‍ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് ഒന്നാം റാങ്ക് സമ്മാനിച്ചത്.

പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തത് രോഹിത് ശര്‍മയെയായിരുന്നു. ഡെഡ് റബ്ബര്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഇതിന് മുമ്പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോഴാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തിയത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. കരിയറിലെ 276ാം മത്സരത്തിന് ശേഷമാണ് രോഹിത് ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഓപ്പണറുടെ റോളില്‍ 189 മത്സരങ്ങളും താരം പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന് മുമ്പ് ഇതിലും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കിയിരുന്നെങ്കിലും ആദ്യമായാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

രോഹിത് ശര്‍മയുടെ ഏകദിന റാങ്കിങ്ങുകള്‍

50 മത്സരത്തിന് ശേഷം – 45ാം റാങ്ക്

100 മത്സരത്തിന് ശേഷം – 44ാം റാങ്ക്

150 മത്സരത്തിന് ശേഷം – എട്ടാം റാങ്ക്

200 മത്സരത്തിന് ശേഷം – രണ്ടാം റാങ്ക്

250 മത്സരത്തിന് ശേഷം – പത്താം റാങ്ക്

276 മത്സരത്തിന് ശേഷം – ഒന്നാം റാങ്ക്*

ഓപ്പണറുടെ റോളില്‍ രോഹിത് ശര്‍മയുടെ ഏകദിന റാങ്കിങ്ങുകള്‍

25 മത്സരങ്ങള്‍ക്ക് ശേഷം – 15ാം റാങ്ക്

50 മത്സരങ്ങള്‍ക്ക് ശേഷം – 13ാം റാങ്ക്

75 മത്സരങ്ങള്‍ക്ക് ശേഷം – 14ാം റാങ്ക്

100 മത്സരങ്ങള്‍ക്ക് ശേഷം – നാലാം റാങ്ക്

125 മത്സരങ്ങള്‍ക്ക് ശേഷം – രണ്ടാം റാങ്ക്

150 മത്സരങ്ങള്‍ക്ക് ശേഷം – ഒമ്പതാം റാങ്ക്

175 മത്സരങ്ങള്‍ക്ക് ശേഷം – അഞ്ചാം റാങ്ക്

189 മത്സരങ്ങള്‍ക്ക് ശേഷം – ഒന്നാം റാങ്ക്*

രോഹിത് ശര്‍മയ്ക്ക് പുറമെ മറ്റ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ പത്തിലുണ്ട്. രണ്ട് സ്ഥാനം നഷ്ടപ്പെട്ട് ഒന്നാം റാങ്കില്‍ നിന്നും മൂന്നാം റാങ്കിലേക്ക് പടിയിറങ്ങിയ ശുഭ്മന്‍ ഗില്ലാണ് പട്ടികയിലെ രണ്ടാം ഇന്ത്യന്‍ താരം. വിരാട് കോഹ്‌ലി ഒരു സ്ഥാനം നഷ്ടപ്പെട്ട് ആറാം റാങ്കിലേക്ക് വീണപ്പോള്‍ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം റാങ്കിലെത്തി.

ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഇന്ത്യ തങ്ങളുടെ അടുത്ത ഏകദിന പരമ്പര കളിക്കുക. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ഈ മത്സരം.

രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി-20 എന്നിവയ്ക്കായാണ് പ്രോട്ടിയാസ് ഇന്ത്യന്‍ മണ്ണില്‍ പര്യടനം നടത്തുക. ഇതിലെ ഏകദിന പരമ്പരയിലും രോഹിത്തിന്റെ മിന്നും പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

Content Highlight: Rohit Sharma becomes 5th Indian batter to top ICC ODI batting ranking