ഇതിഹാസങ്ങളെ വെട്ടാന്‍ 'ഇതിഹാസങ്ങള്‍'; ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ രോ-കോ സഖ്യത്തിന് വേണ്ടത് ഇത്രമാത്രം
Sports News
ഇതിഹാസങ്ങളെ വെട്ടാന്‍ 'ഇതിഹാസങ്ങള്‍'; ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ രോ-കോ സഖ്യത്തിന് വേണ്ടത് ഇത്രമാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th November 2025, 10:38 am

സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നാളെയാണ് (നവംബര്‍ 30ന്) ആരംഭിക്കുന്നത്. റാഞ്ചിയാണ് ആദ്യ മത്സരം അരങ്ങേറുന്നത്. ടെസ്റ്റ് പരമ്പരയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ വിജയപ്രതീക്ഷയുമായാണ് കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളതാണ് ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.

Virat Kohli And Rohit Sharma Photo: Cricbuzz/x.com

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ രോഹിത്തിനേയും വിരാടിനേയും കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഇരുവരും ഒരുമിച്ച് കളത്തിലിറങ്ങിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജോഡിയായി കളിച്ച താരങ്ങളാകാനാണ് രോഹിത്തിനും വിരാടിനും സാധിക്കുക. ഈ നേട്ടത്തില്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും റെക്കോഡ് മറികടക്കാന്‍ രോഹിത്തിനും വിരാടിനും അവസരമുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജോഡിയായി കളിച്ച താരങ്ങള്‍

വിരാട് കോഹ്‌ലി & രോഹിത് ശര്‍മ – 391

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & രാഹുല്‍ ദ്രാവിഡ് – 391

രാഹുല്‍ ദ്രാവിഡ് & സൗരവ് ഗാംഗുലി – 369

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & അനില്‍ കുംബ്ലെ – 367

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & സൗരവ് ഗാംഗുലി – 341

വിരാട് കോഹ്‌ലി & രവീന്ദ്ര ജഡേജ – 309

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & മുഹമ്മദ് അസറുദ്ദീന്‍ – 292

വിരാട് കോഹ്‌ലി & എം.എസ്. ധോണി – 285

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 268 ഇന്നിങ്‌സുകളാണ് രോഹിത് കളിച്ചത്. 11370 റണ്‍സും താരം സ്വന്തമാക്കി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് ഫോര്‍മാറ്റില്‍ നിന്ന് നേടി. 92.7 എന്ന സ്‌ട്രൈക്ക് റേറ്റും 49.2 എന്ന ആവറേജുമാണ് താരത്തിനുള്ളത്.

വിരാട് ഏകദിനത്തില്‍ 293 ഇന്നിങ്‌സില്‍ നിന്ന് 14255 റണ്‍സാണ് നേടിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 57.7 എന്ന ആവറേജും താരത്തിനുണ്ട്.93.3 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Rohit Sharma And Virat Kohli Need One More Match To Create A Huge Record In International Cricket