ഒരേ നേട്ടത്തില്‍ സച്ചിനെ വെട്ടാന്‍ രോഹിത്തും വിരാടും; ഇന്ത്യന്‍ ആധിപത്യം തകര്‍ക്കാനാകാതെ കങ്കാരുപ്പടയും!
Sports News
ഒരേ നേട്ടത്തില്‍ സച്ചിനെ വെട്ടാന്‍ രോഹിത്തും വിരാടും; ഇന്ത്യന്‍ ആധിപത്യം തകര്‍ക്കാനാകാതെ കങ്കാരുപ്പടയും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th October 2025, 6:35 pm

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയേയും വിരാട് കോഹ്‌ലിയേയും കാത്തിരിക്കുന്നത് ഒരു വമ്പന്‍ റെക്കോഡാണ്. അതിനായി രോഹിത്തിനും വിരാടിനും മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഒരു സെഞ്ച്വറിയാണ് വേണ്ടതും.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിക്കുക. ഈ നേട്ടത്തില്‍ മുന്നിലുള്ള ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്താനും താരങ്ങള്‍ക്ക് കഴിയും.

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍, മത്സരം, സെഞ്ച്വറി എന്ന ക്രമത്തില്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 71 – 9

രോഹിത് ശര്‍മ (ഇന്ത്യ) – 46 – 8

വിരാട് കോഹ്‌ലി (ഇന്ത്യ) – 50 – 8

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 59 – 6

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 30 -5

അതേസമയം ഓസീസിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. ഓസ്‌ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ആരാധകരും.

ഓസീസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ബഹുമതിയും സ്വന്തമാക്കാനും രോഹിത്തിന് സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി 67 ടെസ്റ്റ് മത്സരങ്ങളും 273 ഏകദിന മത്സരങ്ങളും 159 ടി-20 മത്സരങ്ങളുമാണ് രോഹിത് നേടിയത്.

273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

ഏകദിനത്തില്‍ വിരാട് 302 മത്സരങ്ങളില്‍ നിന്ന് 14181 റണ്‍സാണ് നേടിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 57.9 ആവറേജും 93.3 സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ വിരാടിനുള്ളത്. 51 സെഞ്ച്വറികളും 74 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Content Highlight: Rohit Sharma And Virat Kohli Need One Century Against Australia For A Great Record Achievement