ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നു എന്നത് തന്നെയാണ് ഈ ആവേശത്തിന് കാരണവും. പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് ഇരുവരും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങുക.
ഒക്ടോബര്‍ 19ന് നടക്കുന്ന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലൊന്നില്‍ ഒന്നിച്ച് ക്രീസിലെത്തിയാല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കും. ബാറ്റിങ് പെയര്‍ എന്ന നിലയില്‍ 100 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കുന്നു എന്ന നേട്ടമാണിത്. വിരാട് കളത്തിലിറങ്ങുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മയുണ്ടായാല്‍ മാത്രം മതി, ഇരുവര്‍ക്കും ഈ നേട്ടത്തിലെത്താം.
എന്നാല്‍ ഇത് മാത്രമല്ല, ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന രണ്ടാമത് പെയര്‍ എന്ന നേട്ടത്തിലേക്കും രോ-കോ ദ്വയത്തിന് കാലെടുത്ത് വെക്കാന്‍ സാധിക്കും. ഇതിനായി ഇരുവരും ചേര്‍ന്ന് 161 റണ്‍സ് മാത്രം സ്വന്തമാക്കിയാല്‍ മാത്രം മതി.
2010 മുതല്‍ 2025 വരെയുള്ള ഒന്നര പതിറ്റാണ്ട് കാലയളവിലെ 99 ഇന്നിങ്‌സില്‍ നിന്നും 5,315 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ലങ്കന്‍ ലെജന്‍ഡ്‌സ് കുമാര്‍ സംഗക്കാരയെയും തിലകരത്‌നെ ദില്‍ഷനെയും മറികടക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോ-കോ സഖ്യത്തിന് മുമ്പിലുള്ളത്.