രോഹിത്തിനെയും വിരാടിനെയും ഇന്ത്യൻ കുപ്പായത്തിൽ കാണാൻ ആരാധകർ കാത്തിരിക്കണം; ബംഗ്ലാദേശ് പര്യടനം നടന്നേക്കില്ല?
Sports News
രോഹിത്തിനെയും വിരാടിനെയും ഇന്ത്യൻ കുപ്പായത്തിൽ കാണാൻ ആരാധകർ കാത്തിരിക്കണം; ബംഗ്ലാദേശ് പര്യടനം നടന്നേക്കില്ല?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th July 2025, 10:45 am

ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇരുവരും ഇനി ഏകദിനത്തിൽ മാത്രമേ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങുകയുള്ളൂവെന്ന് അവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും കളത്തിലിറങ്ങുന്നത് വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇരുവരും ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനെത്തുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകർ. അടുത്ത മാസം 17 മുതലായിരുന്നു ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഷെഡ്യൂൾ ചെയ്തിരുന്നത്. പരമ്പരയിൽ മൂന്ന് വീതം ഏകദിനവും ടി – 20 മത്സരങ്ങളുമായിരുന്നു നടക്കാനിരിക്കുന്നത്.

എന്നാൽ പരമ്പര റദ്ദാക്കിയേക്കുമെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്തോടെയാണ് ഈ പര്യടനം റദ്ദാക്കാനിരിക്കുന്നതെന്നാണ് വിവരം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) പരമ്പരയ്ക്കുള്ള മീഡിയ റൈറ്സ് വില്പന നിർത്തിവെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരു ഇന്ത്യൻ ബ്രോഡ്കാസ്റ്ററെ ഉദ്ധരിച്ച് ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം നടക്കില്ലെന്ന് അവർ (ബി.സി.ബി) ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അവർ ടെൻഡർ പ്രഖ്യാപിച്ചതിന് ശേഷം ഞങ്ങൾക്ക് ഐ.ടി.ടി നൽകിയിട്ടില്ല. പാകിസ്ഥാൻ സീരിസിന് മാത്രമാണ് ഇപ്പോൾ അവർ വില്പന നടത്തുന്നത്,’ ബ്രോഡ്കാസ്റ്റർ ക്രിക് ബസിനോട് പറഞ്ഞു.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാവി തീരുമാനിക്കപ്പെടുക ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ഈ പരമ്പര സംബന്ധിച്ച് ഇതുവരെ ഇരു ക്രിക്കറ്റ് ബോർഡുകളും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Rohit Sharma and Virat Kohli has to wait for ODI return as Indian Tour of Bangladesh is on the verge of Cancellation