ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇടനെഞ്ചില്‍ മൂന്നാം നക്ഷത്രം തുന്നിച്ചേര്‍ത്തത്.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ മൂന്ന് തവണ വിജയം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. രണ്ട് തവണ കിരീടം സ്വന്തമാക്കിയ കങ്കാരുക്കളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയ്ക്ക് മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും പേരിലും റെക്കോഡ് നേട്ടങ്ങള്‍ കുറിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്കായി നാല് ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങളെന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് തങ്ങളുടെ പേരിലെഴുതിയത്.
വിരാട് കോഹ്‌ലി തന്റെ കരിയറിലെ മൂന്നാം ഏകദിന കിരീടം സ്വന്തമാക്കിയപ്പോള്‍ രോഹിത് തന്റെ മഹോജ്ജ്വല കരിയറിലെ രണ്ടാം 50 ഓവര്‍ ട്രോഫിയാണ് സ്വന്തമാക്കിയത്.
2011 ലോകകപ്പിലാണ് വിരാട് ആദ്യമായി മുത്തമിടുന്നത്. ശേഷം 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫിയും ആദ്യമായി തന്റെ കയ്യിലൊതുക്കി. ശേഷം നീണ്ട കിരീട വരള്‍ച്ചയാണ് ഇന്ത്യയ്ക്കും വിരാടിനുമുണ്ടായിരുന്നത്. 2024 ടി-20 ലോകകപ്പില്‍ ചുംബിച്ച വിരാട് ഇപ്പോള്‍ രണ്ടാം തവണയും ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
വിരാടിന് മുമ്പേ രോഹിത് അന്താരാഷ്ട്ര സീനിയര്‍ കരിയറില്‍ ലോകത്തിന്റെ നെറുകയിലെത്തിയിരുന്നു. 2007 ടി-20 ലോകകപ്പിലാണ് രോഹിത് ആദ്യമായി വിശ്വവിജയിയായത്. 2011 ഏകദിന ലോകകപ്പ് ടീമില്‍ ഇടമില്ലാതെ പോയതോടെ 50 ഓവര്‍ ലോകകപ്പ് രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടില്ല. ശേഷം 2013ലും 2024ലും 2025ലും വിരാടിനൊപ്പം രോഹിത് ലോകത്തിന്റെ നെറുകയിലെത്തി.
കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡിന് അടിത്തറയിട്ടു. ഇതിന് മുമ്പ് തന്നെ കൂട്ടുകെട്ട് പൊളിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് അത് മുതലാക്കാന്‍ സാധിച്ചിരുന്നില്ല.
ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ വില്‍ യങ്ങിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്കാവശ്യമയ ബ്രേക് ത്രൂ സമ്മാനിച്ചത്. 23 പന്തില്‍ 15 റണ്‍സുമായി താരം മടങ്ങി.
പവര്‍പ്ലേ അവസാനിച്ച അടുത്ത പന്തില്‍ തന്നെ സെമി ഫൈനലിലെ സെഞ്ചൂറിയന്‍ രചിന്‍ രവീന്ദ്രയെ മടക്കി കുല്‍ദീപ് യാദവ് ന്യൂസിലാന്‍ഡിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29 പന്തില്‍ 37 റണ്‍സുമായി നില്‍ക്കവെ ബൗള്‍ഡായാണ് രചിന്‍ പുറത്തായത്.
തന്റെ അടുത്ത ഓവറിലും കുല്‍ദീപ് മാജിക്കിന് ദുബായ് സാക്ഷിയായി. സെമിയില്‍ കിവികള്‍ക്കായി സെഞ്ച്വറി നേടിയ രണ്ടാമന്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി കുല്‍ദീപ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിച്ചില്ല.
എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ ഒരു വശത്ത് ഉറച്ചുനിന്നു. ഏഴാം നമ്പറിലിറങ്ങിയ മൈക്കല്‍ ബ്രേസ്വെല്ലിനെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും കിവികളെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.
ടീം സ്‌കോര്‍ 211ല്‍ നില്‍ക്കവെ മിച്ചലിനെ മടക്കി ഷമി കൂട്ടുകെട്ട് പൊളിച്ചു. മിച്ചല്‍ പുറത്തായതോടെ ബ്രേസ്വെല്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. നേരിട്ട പന്തുകള്‍ റണ്ണാക്കി മാറ്റി താരം ന്യൂസിലാന്‍ഡിനെ 250 കടത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 251 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 40 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും നേടി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 105 റണ്‍സാണ് ഓപ്പണര്‍മാരായ രോ-ഗില്‍ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ അധികം വൈകാതെ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് കിവികള്‍ ബ്രേക് ത്രൂ നേടി. 105/0 എന്ന നിലയില്‍ നിന്നും 122/3 എന്ന നിലയിലേക്ക് കിവികള്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.
നാലാം വിക്കറ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച് ശ്രേയസ് അയ്യര്‍ – അക്‌സര്‍ പട്ടേല്‍ ജോഡി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുക എന്നതായിരുന്നു ഇരുവരുടെയും മാസ്റ്റര്‍ പ്ലാന്‍.
ടീം സ്‌കോര്‍ 183ല്‍ നില്‍ക്കവെ ശ്രേയസ് അയ്യരിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 62 പന്തില്‍ 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറിന്റെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രചിന്‍ രവീന്ദ്രയാണ് ശ്രേയസിനെ മടക്കിയത്.
ശ്രേയസ് മടങ്ങി അധികം വൈകാതെ അക്‌സര്‍ പട്ടേലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 40 പന്ത് നേരിട്ട് 29 റണ്‍സുമായാണ് അക്‌സര്‍ പുറത്തായത്. മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ വില്‍ ഒ റൂര്‍ക് ക്യാച്ചെടുത്താണ് അക്‌സറിനെ മടക്കിയത്.
കെ.എല്‍. രാഹുലിനൊപ്പം ചേര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചെങ്കിലും രാഹുലിനൊപ്പം ക്രീസില്‍ നിന്ന് ഇന്ത്യയുടെ വിജയമാഘോഷിക്കാന്‍ പാണ്ഡ്യയ്ക്കായില്ല. കൈല്‍ ജാമൈസണിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായി താരം മടങ്ങി. 18 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്.
ഒടുവില്‍ ആറ് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. രാഹുല്‍ 33 പന്തില്‍ 34 റണ്‍സുമായും ജഡേജ ആറ് പന്തില്‍ ഒമ്പത് റണ്‍സുമായും പുറത്താകാതെ നിന്നു.
ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്ലും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കൈല്‍ ജാമൈസണും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Rohit Sharma and Virat Kohli are the only Indian players to win 4 ICC Trophies