| Monday, 4th May 2026, 10:47 pm

'ട്രിപ്പിള്‍ സെഞ്ച്വറി' സച്ചിനെയും സഹതാരങ്ങളെയും വീഴ്ത്തി രോഹിത്തും റിക്കല്‍ട്ടണും

Sudev A

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്.

എന്നാല്‍ എല്‍.എസ്.ജിയുടെ കൂറ്റന്‍ ടോട്ടലിനെതിരെ ബാറ്റെടുത്ത മുംബൈക്കായി രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മത്സരത്തില്‍ ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് പാട്ണര്‍ഷിപ്പ് 100 കടത്തിയത്. ഇതോടെ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന സഖ്യമാവാനും രോഹിത്തിനും റിക്കല്‍ടണിനും സാധിച്ചു.

ഇത് മൂന്നാം തവണയാണ് ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കടക്കുന്നത്. രണ്ട് തവണ മുംബൈക്ക് വേണ്ടി സെഞ്ച്വറി കൂട്ടുകെട്ട് നടത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അമ്പാട്ടി റായിഡു, പാര്‍ഥിവ് പട്ടേല്‍-ലെന്‍ഡി സിമണ്‍സ്, ഇഷാന്‍ കിഷന്‍-സൂര്യകുമാര്‍ യാദവ് എന്നിവരെ ഒരുമിച്ചാണ് രോഹിതും റിക്കല്‍ട്ടണും മറികടന്നത്.

റിക്കല്‍ട്ടണ്‍ 32 പന്തില്‍ 83 റണ്‍സ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

അതേസമയം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിന്‍ബലത്തിലാണ് ലഖ്‌നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

പൂരന് പുറമെ മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില ജാക്സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Rohit Sharma and Ryan Rickelton Set a huge record for Mumbai Indians

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more