ഓസീസ് ക്രിക്കറ്റ് ഇതിഹാസം റോഡ്നി വില്യം മാര്‍ഷ് അന്തരിച്ചു
Cricket
ഓസീസ് ക്രിക്കറ്റ് ഇതിഹാസം റോഡ്നി വില്യം മാര്‍ഷ് അന്തരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th March 2022, 10:06 am

സിഡ്നി: മുന്‍ ഓസീസ് ക്രിക്കറ്റ് ഇതിഹാസം റോഡ്നി വില്യം മാര്‍ഷ്(74) അന്തരിച്ചു. കഴിഞ്ഞ ആഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരതരാവസ്ഥയിലായ അദ്ദേഹം അഡ്ലെയ്ഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സ്പോര്‍ട് ഓസ്‌ട്രേലിയ ഹാള്‍ ഓഫ് ഫെയിം ആണ് മരണം സ്ഥിരീകരിച്ചത്. ക്വീന്‍സ് ലന്‍ഡിലെ ബുണ്ടബെര്‍ഗില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ക്വീന്‍സ്ലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ തുടര്‍ന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

2016 വരെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെലക്റ്റര്‍മാരില്‍ ഒരാളായിരുന്നു മാര്‍ഷ്. ഓസ്‌ട്രേലിയയുടെ വിക്കറ്റ്കീപ്പറായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മാര്‍ഷിന്റെ പേരിലാണ്. ഓസ്‌ട്രേലിയക്കായി 1970 മുതല്‍ 1984 വരെ 96 ടെസ്റ്റ് മത്സരങ്ങളില്‍ മാറ്റുരച്ച അദ്ദേഹം 355 പുറത്താക്കലുകള്‍ നടത്തിയിട്ടുണ്ട്.

92 ഏകദിനങ്ങളിലും മാര്‍ഷ് ഓസ്‌ട്രേലിയയുടെ ജേഴ്‌സി അണിഞ്ഞിരുന്നു. വിരമിക്കലിന് ശേഷം ഓസ്‌ട്രേലിയയിലെ ഒരു ടെലിവിഷനില്‍ കമന്റേറ്ററായിരുന്ന മാര്‍ഷ്, ആസ്ത്രേലിയന്‍ നാഷണല്‍ അക്കാദമിയുടെ കോച്ചായിരുന്നു. 2001 മുതല്‍ 2005 വരെ ഇംഗ്ലണ്ട് സെലക്റ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1970-ല്‍ ആഷസ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം. 1984-ല്‍ പാകിസ്താനെതിരെയാണ് അവസാന മത്സരം കളിച്ച് വിടവാങ്ങിയത്. ഓസ്ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും മാര്‍ഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.