മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അവസരം ലഭിച്ചപ്പോള്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്ന് ഉത്തപ്പ പറഞ്ഞു. വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയ്ക്ക് ശേഷം മികച്ച ആവറേജ് സഞ്ജുവിന് ഉണ്ടായിരുന്നെന്ന് അദ്ദേഹം എടുത്തുകാട്ടി.
മാത്രമല്ല ടീമില്‍ സ്ഥാനം ലഭിക്കാത്തതില്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് സഞ്ജു ചിന്തിക്കുന്നുണ്ടാകുമെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി. കൂടാതെ ഗില്ലില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന്റെ വിപരീതമായാണ് താരം ബാറ്റ് ചെയ്യുന്നതെന്നും ടി-20യില്‍ അല്‍പം കൂടി മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ട ഒരു ബാറ്ററാണ് ഗില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണ്‍ ഓപ്പണറാകുന്നതിന് മുമ്പ് ഗില്‍ ഓപ്പണറായി ബാറ്റ് ചെയ്തുവെന്ന് സൂര്യ പറഞ്ഞു. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അഭിഷേക് ശര്‍മയ്ക്ക് ശേഷം സഞ്ജു ഉയര്‍ന്ന ശരാശരി നേടുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ താരമായി.
ഒരു സ്ഥാനം ലഭിക്കാത്തതിനാല്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സഞ്ജു ചിന്തിക്കുന്നുണ്ടാകും? സഞ്ജു സാംസണുമായി ആശയവിനിമയം സജീവമാണോ എന്ന് അറിയില്ല. ‘ഞങ്ങള്‍ കുറച്ച് മത്സരങ്ങളില്‍ ശുഭ്മന്‍ ഗില്ലിനെ പരീക്ഷിച്ച് നോക്കും, അത് വിജയിച്ചില്ലെങ്കില്‍, സഞ്ജു തിരിച്ചുവരും’ എന്ന് എന്ന് മാനേജ്‌മെന്റ് പറഞ്ഞിരുന്നു.
എന്നാല്‍ ഗില്ലില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന്റെ വിപരീതമായാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ടി-20യില്‍ അല്‍പം കൂടി മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ട ഒരു ബാറ്ററാണ് അദ്ദേഹം. സഞ്ജു സാംസണെയോ അഭിഷേക് ശര്‍മയെയോ പോലുള്ള ഓപ്പണിങ് ബാറ്ററല്ല ഗില്‍. ഒരിക്കല്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ പിന്നീട് അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയില്ല,’ ഉത്തപ്പ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമില്‍ എത്തിയതോടെയാണ് ഓപ്പണിങ് പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ മാറ്റിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മോശം പ്രകടനമായിരുന്നു ഗില്‍ നടത്തിയത്.
എന്നാലും മിഡില്‍ ഓര്‍ഡറില്‍ സഞ്ജുവിനെ ഇറക്കുമെന്ന് പ്രതീക്ഷിച്ചപ്പോഴും സ്ഥിരതയില്ലാതെ താരത്തിന്റെ പൊസിഷന്‍ ചേഞ്ച് നടത്തി സമ്മര്‍ദത്തിലാക്കാന്‍ മാനേജ്‌മെന്റ് മടിച്ചില്ലായിരുന്നു. മാത്രമല്ല പറയത്തക്ക പ്രകടനങ്ങളൊന്നുമില്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ ഗൗതം ഗംഭീറും മുന്നോട്ട് പോകുന്നത്.
Content Highlight: Robin Uthappa Talking About Sanju Samson And Shubhman Gill