രഹാനെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങുന്നത് നിരാശാജനകം: റോബിന്‍ ഉത്തപ്പ
Sports News
രഹാനെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങുന്നത് നിരാശാജനകം: റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd September 2025, 4:53 pm

ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ക്രിക്കറ്റിലെ എല്ലാ ഫോര്‍മറ്റില്‍ നിന്നും അടുത്തിടെ സൂപ്പര്‍താരം ചേതേശ്വര്‍ പൂജാര വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി ഒട്ടനവധി സംഭാവന നല്‍കിയ താരമായിരുന്നു പൂജാര.

2022-2023 സീസണിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പൂജാര നടത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിക്കും മുമ്പേ പല ആരാധകരും പൂജാര പരമ്പരയില്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും താരത്തെ ഒഴിവാക്കിക്കൊണ്ടുള്ള സ്‌ക്വാഡാണ് ഇന്ത്യ പുറത്ത് വിട്ടത്.

ഇപ്പോള്‍ പൂജാരയുടെ വിരമിക്കലിനെക്കുറിച്ചും അജിന്‍ക്യാ രഹാനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചു സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. പൂജാര തന്റെ വിരമിക്കല്‍ അല്‍പം വൈകിപ്പിച്ചെന്ന് തോന്നുന്നുവെന്ന് ഉത്തപ്പ പറഞ്ഞു. മാത്രമല്ല പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ രഹാനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നത് നിരാശാജനകമാണെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം തന്റെ വിരമിക്കല്‍ അല്‍പം വൈകിപ്പിച്ചെന്ന് തോന്നുന്നു. ഇനി ടീമില്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഈ ഇംഗ്ലണ്ട് പര്യടനം അവസാനത്തെ വെല്ലുവിളിയായിരുന്നു.

പുതിയൊരു പരമ്പരയുടെ തുടക്കത്തില്‍ രഹാനെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങുന്നത് വളരെ നിരാശാജനകമായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കാതിരുന്നപ്പോള്‍, വിരമിക്കാന്‍ സമയമായെന്ന് അദ്ദേഹത്തിന് തോന്നേണ്ടതായിരുന്നു. പക്ഷേ, അത് വളരെ ബുദ്ധിമുട്ടാണ്,’ റോബിന്‍ ഉത്തപ്പ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഏഷ്യാ കപ്പിനിള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Robin Uthappa Talking About Rahane And Pujara