ഇന്ത്യയ്ക്ക് ബുംറയും സിറാജുമല്ലാതെ മറ്റാരുണ്ട്? വിമര്‍ശനവുമായി ഉത്തപ്പ
Sports News
ഇന്ത്യയ്ക്ക് ബുംറയും സിറാജുമല്ലാതെ മറ്റാരുണ്ട്? വിമര്‍ശനവുമായി ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th November 2025, 7:17 am

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമല്ലാതെ വേറെ ഏത് ഫാസ്റ്റ് ബൗളറാണ് ഇന്ത്യന്‍ ടീമിലുള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ടീമിന് സ്ഥിരമായ മൂന്നാം പേസറില്ലെന്നും സ്പിന്നര്‍മാര്‍ വിദേശത്ത് എഫക്റ്റീവല്ലെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുള്ള ക്വാളിറ്റി ഈ ടീമിനുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

‘സന്ദര്‍ശക ടീമുകള്‍ ഇന്ത്യയേക്കാള്‍ കുറവ് ടെസ്റ്റുകളാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൂടുതല്‍ പരിശീലിക്കാന്‍ സമയം ലഭിക്കുന്നു. ഇന്ത്യ എല്ലാ പരമ്പരയേയും ഒരേ നിലയിലാണ് സമീപിച്ച് ജയിക്കാനാണ് ശ്രമിക്കുന്നത്. നമ്മള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് നല്ല രീതിയില്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.

നമ്മള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവിടെ കളിക്കാന്‍ വേണ്ട ഗുണം ഈ ടീമിനുണ്ടോ? നമുക്ക് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമല്ലാതെ മികച്ച ഏത് ഫാസ്റ്റ് ബൗളറാണുള്ളത്? ഇന്ത്യന്‍ ടീമിന് ഒരു മൂന്നാം പേസറുടെ കുറവുണ്ട്. ആ സ്ഥാനത്തേക്ക് നമുക്ക് സ്ഥിരമായ ഒരു താരമില്ല. സ്പിന്നര്‍മാര്‍ വിദേശത്ത് അത്ര എഫക്റ്റീവല്ല,’ ഉത്തപ്പ പറഞ്ഞു.

ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് സെന്ററില്ലെന്നും എവിടെയെങ്കിലും പോയി മത്സരങ്ങള്‍ കളിക്കുകയാണെന്നും ഉത്തപ്പ പറഞ്ഞു. ക്രമരഹിതമായി ടെസ്റ്റ് കളിക്കുന്നത് വലിയ ലക്ഷ്യത്തില്‍ നിന്ന് ടീമിനെ മാറ്റുന്നു.

ഒരു ഹോം സെന്ററുണ്ടെങ്കില്‍ വിസിറ്റിങ് ടീമിനെ പരിഗണിച്ച് ഹോം അഡ്വാന്റേജ്‌ നേടാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യ അത് ചെയ്യുന്നില്ല. ക്യാപ്റ്റനായ കാലത്ത് വിരാട് കോഹ്ലി ഇത് ആവശ്യപ്പെട്ടിരുന്നുവെന്നും ഏതെങ്കിലും വേദിയില്‍ കളിച്ച് ഇന്ത്യ ഹോം അഡ്വാന്റേജുകള്‍ നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു. പ്രോട്ടിയാസ് ഉയര്‍ത്തിയ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കാതെയായിരുന്നു ടീമിന്റെ തോല്‍വി. ഇതില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചും പിച്ചിനെ കുറിച്ചും വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ പ്രതികരണം.

Content Highlight: Robin Uthappa criticizes Indian Cricket team that they don’t have pacers other than Jasprit Bumrah and Muhammed Siraj