ഈ ഏഴുപേരുമില്ല; ഇംഗ്ലണ്ടിനെതിരെയുള്ള ഉത്തപ്പയുടെ ഇന്ത്യന്‍ ഇലവന്‍ ഇങ്ങനെ...
Sports News
ഈ ഏഴുപേരുമില്ല; ഇംഗ്ലണ്ടിനെതിരെയുള്ള ഉത്തപ്പയുടെ ഇന്ത്യന്‍ ഇലവന്‍ ഇങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th June 2025, 3:51 pm

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന പരമ്പരയില്‍ എപ്രകാരമാകും ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.

അഭിമന്യു ഈശ്വരന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരെ മാറ്റി നിര്‍ത്തിയാണ് ഉത്തപ്പ ഇലവന്‍ തെരഞ്ഞെടുത്തത്.

‘ശക്തമായ ടോപ് ഓര്‍ഡറില്‍ നിന്ന് തന്നെ തുടങ്ങാം, ബാറ്റിങ് ഓപ്പണറായി കെ.എല്‍. രാഹുലിനെ തെരഞ്ഞെടുക്കാം. ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ വിജയവും ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ ബാറ്റിങ് രീതിയും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ കളിക്കാരന്‍ അദ്ദേഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മൂന്നാം സ്ഥാനത്ത്, ശരിയായ സാങ്കേതികതയും ടെസ്റ്റ് ക്രിക്കറ്റിന് മികച്ച കഴിവുമുള്ള സായ് സുദര്‍ശനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്റെ കഴിവുകളാണ് ആ സ്ഥാനത്ത് ഒരു മികച്ച ഓപ്ഷനാക്കി മാറ്റുന്നത്. നാലാം സ്ഥാനത്ത് ശുഭ്മന്‍ ഗില്ലിന്റെ സ്ഥിരതയും ഫോമും അനിവാര്യമാണ്.

അഞ്ചാം നമ്പറില്‍ കരുണ്‍ നായര്‍ ടീമിലേക്ക് വരണം. ആറാം നമ്പറില്‍ റഷബ് പന്ത് എനിക്ക് അനുയോജ്യനാണ്. ഏഴാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഒരു യഥാര്‍ത്ഥ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്.

എട്ടാം നമ്പറിലേക്ക് ഞാന്‍ ജഡേജയെ തെരഞ്ഞെടുക്കും. ടീമിന് കൂടുതല്‍ ആഴം നല്‍കുന്ന, റണ്‍സ് നേടുന്ന, ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം. സിറാജ് ടീമില്‍ അച്ചടക്കമുള്ള ഒരു റോള്‍ കളിക്കുന്നത് ഞാന്‍ കാണുന്നു, പക്ഷേ പ്രസീദ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതും ഞാന്‍ പരിഗണിക്കും. ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കുകയാണെങ്കില്‍ അവന്‍ ഒരു ഓപ്ഷനാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഉത്തപ്പ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ റോബിന്‍ ഉത്തപ്പ തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്‌

Content Highlight: Robin Uthappa has selected the Indian playing XI for the first Test against England