അയാള്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം ഞാന്‍ കളത്തിലിറങ്ങില്ല; കടുപ്പിച്ച് ലെവന്‍ഡോസ്‌കി
Sports News
അയാള്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം ഞാന്‍ കളത്തിലിറങ്ങില്ല; കടുപ്പിച്ച് ലെവന്‍ഡോസ്‌കി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th June 2025, 10:27 pm

മിഖാല്‍ പ്രോബിയേഴ്‌സ് പരിശീലകനായി തുടരുന്നിടത്തോളം കാലം പോളണ്ട് ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങില്ലെന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഈ മാസം നടക്കുന്ന പോളണ്ടിന്റെ എല്ലാ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. മാനസിക സമ്മര്‍ദത്താലാണ് വിട്ടുനില്‍ക്കുന്നത് എന്നാണ് ലെവന്‍ഡോസ്‌കിയുടെ വിശദീകരണം.

മോള്‍ഡോവക്കെതിരായ മത്സരത്തില്‍ ടീമിന്റെ ഭാഗമാകാതിരുന്നതിന് പിന്നാലെ 24 മണിക്കൂറിന് ശേഷമാണ് ലെവന്‍ഡോസ്‌കി ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

പ്രോബിയേഴ്‌സില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന് കീഴില്‍ അന്താരാഷ്ട്ര മത്സരത്തിനിറങ്ങില്ലെന്നും ലെവന്‍ഡോസ്‌കി പ്രതികരിച്ചു.

‘സാഹചര്യങ്ങളും പരിശീലകനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും കാരണം അദ്ദേഹം പരിശീലകന്റെ ചുമതലയില്‍ തുടരുന്നിടത്തോളം കാലം പോളണ്ട് ദേശീയ ടീമിനായി കളിക്കുന്നതില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു,” ലെവന്‍ഡോവ്‌സ്‌കി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

പോളണ്ടിനായി 158 മത്സരത്തില്‍ കളത്തിലിറങ്ങിയ താരം 85 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ പോളണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ലെവന്‍ഡോസ്‌കിലയെ മാറ്റുകയും പയോട്ടര്‍ സിലന്‍സ്‌കിയെ നായകനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനം തന്നെ സംബന്ധിച്ച് പ്രയാസകരമാണെന്നും ലോവന്‍ഡോസ്‌കി പ്രതികരിച്ചിരുന്നു.

2023-ല്‍ ചുമതലയേറ്റ പരിശീലകന്‍ മിഖാല്‍ പ്രോബിയേഴ്‌സ് കീഴില്‍ പോളണ്ട് 2024 യൂറോ കപ്പിന് യോഗ്യത നേടിയിരുന്നെങ്കിലും ടീമിന്റെ പ്രകടനങ്ങള്‍ നിരാശാജനകമായിരുന്നു. ഒരു മത്സരം പോലും ജയിക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവര്‍ പുറത്തായി.

മിഖാല്‍ പ്രോബിയേഴ്‌സ്

പോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും പരിശീലകനും തമ്മിലുള്ള ഈ പ്രശ്‌നങ്ങള്‍ ലെവന്‍ഡോവ്‌സ്‌കിയുടെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ജൂണ്‍ 11നാണ് പോളണ്ട് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഹെല്‍സിങ്കി ഒളിംപിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഫിന്‍ലന്‍ഡാണ് എതിരാളികള്‍.

നിലവില്‍ ഗ്രൂപ്പ് ജി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് പോളണ്ട്. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച് ആറ് പോയിന്റോടെയാണ് പോളണ്ട് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

 

Content Highlight: Robert Lewandowski has announced that he will not play for the national team while Michal Probierz is the manager.