| Saturday, 15th November 2025, 8:06 am

ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയേക്കാള്‍ വോട്ട് വിഹിതം; തോല്‍വിയിലും അടിത്തറയിളകാതെ ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: എസ്.ഐ.ആര്‍, വോട്ട് ചോരി വിവാദങ്ങള്‍ക്കിടെ നടന്ന തെരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി എന്‍.ഡി.എ ബീഹാറില്‍ ഭരണത്തുടര്‍ച്ച നേടിയിരിക്കുകയാണ്. ആകെയുള്ള 243 സീറ്റില്‍ 202ലും വിജയിച്ചാണ് ജെ.ഡിയു – ബി.ജെ.പി സഖ്യം അധികാരക്കസേര കൈവിടാതെ കാത്തത്. 2020ല്‍ എന്‍.ഡി.എ സഖ്യത്തിന് കടുത്ത മത്സരം നല്‍കിയ മഹാഗഡ്ബന്ധന്‍ ഇത്തവണ വെറും 34 സീറ്റിലൊതുങ്ങി.

89 സീറ്റുകളോടെ ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ജെ.ഡിയു 85 സീറ്റ് സ്വന്തമാക്കിയപ്പോള്‍ ആര്‍.ജെ.ഡിക്ക് 25 സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കിയ എല്‍.ജെ.പി-ആര്‍.വി 19 സീറ്റുകളോടെ തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വന്‍ തിരിച്ചടിയാണ് ആര്‍.ജെ.ഡിക്ക് നേരിടേണ്ടി വന്നതെങ്കിലും, 75 സീറ്റില്‍ നിന്നും 25 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും പാര്‍ട്ടിയുടെ അടിത്തറ സംരക്ഷിക്കാന്‍ തേജസ്വി യാദവിന് സാധിച്ചു.

ആര്‍.ജെ.ഡിയുടെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ എന്‍.ഡി.എ സഖ്യം ഉലച്ചിലുണ്ടാക്കിയെങ്കിലും കാര്യമായ കൊഴിഞ്ഞുപോക്കുകളില്ലാതെ ആര്‍.ജെ.ഡി വോട്ടുവിഹിതം നിലനിര്‍ത്തി.

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുവിഹിതം ആര്‍.ജെ.ഡിക്കാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 22.8 ശതമാനവും ആര്‍.ജെ.ഡി തങ്ങളുടെ പെട്ടിയിലാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി 20.9 ശതമാനം വോട്ട് പിടിച്ചപ്പോള്‍ 18.9 ശതമാനമാണ് ജെ.ഡി.യുവിന്റെ വോട്ടുവിഹിതം.

2020 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരിയ കുറവ് മാത്രമാണ് ആര്‍.ജെ.ഡിക്കുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23.1 ശതമാനമായിരുന്നു ആര്‍.ജെ.ഡിയുടെ വോട്ടുവിഹിതം

2025 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയുടെയും വോട്ടുവിഹിതം

(പാര്‍ട്ടി – വോട്ടുവിഹിതം ശതമാനത്തില്‍ എന്നീ ക്രമത്തില്‍)

രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) – 22.8%

ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) – 20.9%

ജനതാ ദള്‍ (യുണൈറ്റഡ്) (ജെ.ഡി.യു) – 18.9%

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ.എന്‍.സി) – 8.2%

ലോക് ജനശക്തി പാര്‍ട്ടി – രാം വിലാസ് (എല്‍.ജെ.പി-ആര്‍.വി) – 5.3%

ജന്‍ സൂരജ് പാര്‍ട്ടി (ജെ.എസ്.പി) – 3.5%

ഇടതുപാര്‍ട്ടികള്‍ (സി.പി.ഐ (എം.എല്‍), സി.പി.ഐ.എം, സി.പി.ഐ) – 2.3%

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) – 1.4%

ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (എച്ച്.എ.എം) – 0.9% (ഏകദേശം)

രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍.എല്‍.എം) – 0.5% (ഏകദേശം)

ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) – 0.3% (ഏകദേശം)

സ്വതന്ത്രര്‍ – 8.7%

2020 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയുടെയും വോട്ടുവിഹിതം

(പാര്‍ട്ടി – വോട്ടുവിഹിതം ശതമാനത്തില്‍ എന്നീ ക്രമത്തില്‍)

രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) – 23.11%

ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) – 19.46%

ജനതാ ദള്‍ (യുണൈറ്റഡ്) (ജെ.ഡി.യു) – 15.39%

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ.എന്‍.സി) – 9.48%

ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) – 5.66%

ഇടതുപാര്‍ട്ടികള്‍ (സി.പി.ഐ (എം.എല്‍), സി.പി.ഐ.എം, സി.പി.ഐ) – 3.2%

വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) – 1.5%

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) – 1.4%

ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (എച്ച്.എ.എം) – 0.9% (ഏകദേശം)

സ്വതന്ത്രര്‍ – 8.7%

Content Highlight: RJD secures highest vote share in 2025 Bihar elections

We use cookies to give you the best possible experience. Learn more