എഡിറ്റര്‍
എഡിറ്റര്‍
ആര്‍.ജെ സൂരജ് തിരിച്ചു വന്നു: എഫ്.എമ്മിനെതിരെ സോഷ്യല്‍ മീഡിയ വഴി സംഘടിത അക്രമണം ഉണ്ടായെന്നും സൂരജ്
എഡിറ്റര്‍
Wednesday 6th December 2017 8:20pm

 

ദോഹ: ഫേസ്ബുക്ക് വീഡിയോയിലൂടെ സുപരിചിതനായ ആര്‍.ജെ സൂരജ് തിരിച്ച് ജോലിയില്‍ തിരിച്ചു കയറി. റേഡിയോ മലയാളം 98.6 എഫ്.എമ്മിനെതിരെ സോഷ്യല്‍ മീഡിയ വഴി സംഘടിത ‘അക്രമണം’ ഉണ്ടായെന്നും സൂരജ് പറഞ്ഞു. മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്ന വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് റേഡിയോക്കെതിരെ കൂട്ടമായ അക്രമണം ഉണ്ടായത്.

‘ഇന്നലെ ഐ ഹേറ്റ് സൂരജ് എന്ന ക്യാമ്പയിന്‍ കണ്ടു, എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട, സ്വന്തം ഇഷടപ്രകാരമാണ് മാറി നിന്നത്’ എന്നും പുതിയ വീഡിയോയില്‍ സൂരജ് പറയുന്നു. ഇപ്പോള്‍ സപ്പോര്‍ട്ട് സൂരജ് എന്ന ക്യാമ്പയിനുമായി ആളുകള്‍ വന്നത് കണ്ടു. അതില്‍ സന്തോഷമുണ്ടെന്നും നമ്മളെ വേണമെങ്കില്‍ നമുക്കും വേണമെന്നും സൂരജ് വീഡിയോയില്‍ പറയുന്നു.


Also Read: രാഹുല്‍ ശക്തനായ എതിരാളിയെന്ന് മോദിയും സമ്മതിയ്ക്കുന്നു; പപ്പു എന്ന് പരിഹസിക്കപ്പെട്ടിരുന്നയാള്‍ ആരാലും അവഗണിക്കാന്‍ കഴിയാത്ത നേതാവായി ഉയര്‍ന്നെന്നും ശിവസേന


ദോഹയിലെ മലയാളിയുടെ സ്വന്തം ചങ്ങാതിയായ റേഡിയോ മലയാളം 98.6 ന്റെ ഫേസ്ബുക്കിനെതിരെ ക്യാമ്പയിന്‍ നടന്നെന്നും ലൈക്കുകള്‍ കുറഞ്ഞെന്നും സൂരജ് പറയുന്നു. റേഡിയോയിലൂടെ തന്നെയാണ് ഇന്നത്തെ പരിപാടിയില്‍ ഉണ്ടാകുമെന്ന് സൂരജ് അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബോധവല്‍കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ഇവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂരജ് ലൈവ് വീഡിയോയില്‍ വന്നത്. എന്നാല്‍ അതിനെത്തുടര്‍ന്ന് സൂരജിന്റെ വിവാദത്തിലായ വീഡിയോക്കെതിരായി മാത്രമല്ല അദ്ദേഹം ജോലി ചെയ്യുന്ന റേഡിയോ മലയാളം 98.6 നെതിരെയും മതമൗലിക വാദികള്‍ രംഗത്ത് വന്നിരിന്നു.

തനിക്കെതിരെ പറയുന്നവര്‍ റേഡിയോക്കെതിരെ അക്രമം നടത്തെരുതെന്നും അവിടെ നിരവധി ചെറുപ്പക്കാര്‍ പ്രതീക്ഷകളോടെ ജോലി ചെയ്യുന്നുണ്ടെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനത്തെ അറിവില്ലായ്മയായി കാണണമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഇനി അവിടെ തിരിച്ച് റേഡിയാ ജോക്കി ആയി വരാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇനി ഇത്തരത്തിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയില്ലെന്നും സൂരജ് വീഡിയോയിലൂടെ ഇന്നലെ പറഞ്ഞിരുന്നു. ആരുടെയെങ്കിലും വികാരം വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായി പറഞ്ഞാണ് സൂരജ് ഇന്നലെ വീഡിയോയില്‍ വന്നിരുന്നത്.

Advertisement