സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത തമിഴ് ചിത്രം കറുപ്പ് ബോക്‌സ് ഓഫീസിൽ മികച്ച വിജയവുമായി മുന്നേറുകയാണ്. മേയ് 15ന് റിലീസ് ചെയ്ത ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകളിലൊന്നായി മാറി. ഫാന്റസി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ തൃഷ, ഇന്ദ്രൻസ്, അനഘ മായാ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ലിവർ ട്രാൻസ്‌പ്ലാന്റിനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന അഴിമതി നിറഞ്ഞ നിയമവ്യവസ്ഥയ്ക്കെതിരെ ‘വേട്ടക്കറുപ്പ്’ എന്ന കാവൽദൈവം വക്കീലിന്റെ രൂപത്തിൽ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രവും അദ്ദേഹത്തിന്റെ പ്രകടനവും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ പ്രശംസ നേടിയിരുന്നു.
കറുപ്പ് , Photo: IMDb
ഇപ്പോഴിതാ, ഇന്ദ്രൻസിനൊപ്പമുള്ള പ്രവർത്തനാനുഭവം പങ്കുവെച്ച് സംവിധായകൻ ആർ.ജെ. ബാലാജി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഇന്ദ്രൻസിനെ നിരവധി തവണ ഒരേ ഷോട്ട് ചെയ്യിപ്പിക്കേണ്ടി വന്നിരുന്നുവെന്ന് ബാലാജി പറഞ്ഞു.
‘ഇന്ദ്രൻസ് ചേട്ടനെ വെച്ച് വളരെ പ്രയാസമുള്ള രീതിയിലാണ് ചില രംഗങ്ങൾ ചിത്രീകരിച്ചത്. ഫാന്റം ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. അത്തരത്തിലുള്ള ഷോട്ടുകൾക്ക് പത്ത് സെക്കൻഡോ ഇരുപത് സെക്കൻഡോ മാത്രമേ ദൈർഘ്യമുണ്ടാകൂ.
അതിനാൽ ആവശ്യമായ ഫലം ലഭിക്കാൻ ഒരേ രംഗം വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വരും. അപ്പോൾ ഒരു പ്രായമായ വ്യക്തിയെ ഇത്രയും ബുദ്ധിമുട്ടിക്കുന്നതല്ലേ എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു,’ ബാലാജി പറഞ്ഞു.
എന്നാൽ എത്ര തവണ ടേക്ക് ആവശ്യപ്പെട്ടാലും യാതൊരു മടിയും കൂടാതെ ഇന്ദ്രൻസ് അത് ചെയ്യുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ സിനിമയ്ക്കുവേണ്ടിയല്ലേ ചെയ്യുന്നത് എന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സമർപ്പണം കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. അദ്ദേഹം ആ കഥാപാത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി,’ എന്നാണ് ബാലാജി പറഞ്ഞത്.
ഇന്ദ്രൻസിന്റെ പ്രകടനം ചിത്രീകരണ സംഘത്തെ മുഴുവൻ അമ്പരപ്പിച്ചെന്നും ബാലാജി വെളിപ്പെടുത്തി. ‘സൂര്യ സാർ പോലും അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട് ഞെട്ടിപ്പോയിരുന്നു. എന്താണ് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
ഈ സിനിമയുടെ ആത്മാവ് തന്നെ ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രമായിരുന്നു. ആ രംഗത്തിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന് മാത്രമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തെ സംവിധാനം ചെയ്യാനും കഴിഞ്ഞത്,’ ബാലാജി പറഞ്ഞു.
Content Highlight: RJ Balaji talks about the performance of Indras in the movie Karuppu.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.