| Saturday, 22nd February 2025, 1:26 pm

ആ സിനിമയില്‍ മുഴുവനും കമല്‍ സാറിന്റെ ക്യാരക്ടറിന് ഡ്യൂപ്പായി നില്‍ക്കണമെന്ന് എന്നെ അറിയിച്ചപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ട് പതിറ്റാണ്ടിലധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് റിയാസ് ഖാന്‍. 1994ല്‍ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് റിയാസ് സിനിമാലോകത്തേക്കെത്തുന്നത്. പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റിയാസ് ഖാന്‍ ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിയാസ് ഖാന്‍ തന്റെ സാന്നിധ്യമറിയിച്ചു.

കമല്‍ ഹാസനുമായി വളരെ അടുത്ത ബന്ധമാണ് തനിക്കെന്ന് റിയാസ് ഖാന്‍ പറഞ്ഞു. പലപ്പോഴും തന്നെ വിളിച്ച് സിനിമയെപ്പറ്റി ഒരുപാട് നേരം അദ്ദേഹം സംസാരിക്കാറുണ്ടെന്നും അതെല്ലാം വലിയ ഭാഗ്യമായിട്ടാണ് തനിക്ക് തോന്നിയതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ആളവന്താന്‍ എന്ന സിനിമയില്‍ തനിക്ക് നല്ലൊരു വേഷം അദ്ദേഹം തന്നെന്നും റിയാസ് ഖാന്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി മോഷന്‍ കണ്‍ട്രോള്‍ റിഗ്ഗില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അതെന്നും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ടീമായിരുന്നു അത് ചെയ്തതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്റെ നന്ദു എന്ന കഥാപാത്രത്തിന്റെ മേക്കപ്പിന് ആറ് മണിക്കൂറോളം വേണ്ടി വരുമായിരുന്നെന്നും ഒരു ദിവസം ഒരു സീനിന്റെ പകുതി മാത്രമേ പലപ്പോഴും എടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂവെന്നും റിയാസ് ഖാന്‍ പറഞ്ഞു.

ആ ചിത്രത്തില്‍ കമല്‍ ഹാസന്റെ ഡ്യൂപ്പായിട്ട് നില്‍ക്കാന്‍ പറ്റുമോ എന്ന് തന്നോട് ചോദിച്ചെന്നും തനിക്ക് അത് കേട്ടപ്പോള്‍ സന്തോഷമായെന്നും റിയാസ് ഖാന്‍ പറഞ്ഞു. ഒരു കഥാപാത്രത്തിന്റെ ഷോട്ട് എടുക്കുമ്പോള്‍ അപ്പുറത്ത് അടുത്ത കമല്‍ ഹാസനായി താനായിരുന്നു നിന്നതെന്നും അതെല്ലാം തനിക്ക് കിട്ടിയ ലോട്ടറിയാണെന്നും റിയാസ് ഖാന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.

‘കമല്‍ സാറുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്. ഇടയ്ക്ക് വീട്ടിലേക്ക് വിളിപ്പിച്ച് ഒരുപാട് സംസാരിക്കും. സിനിമയെക്കുറിച്ച് അദ്ദേഹത്തിനുള്ള ഓര്‍മകളെല്ലാം നമ്മളോട് ഷെയര്‍ ചെയ്യും. അതെല്ലാം കേട്ടിരിക്കാന്‍ നല്ല രസമാണ്. എനിക്ക് കിട്ടിയ ഭാഗ്യമായിട്ടാണ് അതിനെയൊക്കെ കാണുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് ആളവന്താനിലേക്ക് എന്നെ വിളിക്കുന്നത്. പുള്ളി അതില്‍ ഡബിള്‍ റോളിലായിരുന്നു. മോഷന്‍ കണ്‍ട്രോള്‍ റിഗ്ഗിലാണ് ആ പടം എടുത്തത്. ഇന്ത്യയില്‍ തന്നെ അങ്ങനെ എടുത്ത ഫസ്റ്റ് പടമായിരുന്നു അത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ടീമായിരുന്നു അത് ചെയ്തത്. ആ പടത്തില്‍ നന്ദു എന്ന ക്യാരക്ടറിന്റെ മേക്കപ്പിന് മാത്രം ആറ് മണിക്കൂറോളം വേണ്ടിവരുമായിരുന്നു.

അപ്പോള്‍ ഒരുദിവസം അര സീനൊക്കെയേ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂ. അതില്‍ രണ്ട് ക്യാരക്ടേഴ്‌സിനെ ഒരേസമയം കാണിക്കുമ്പോള്‍ എന്നോട് ഡ്യൂപ്പായി നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. ആ പടത്തില്‍ മുഴുവന്‍ കമല്‍ സാറിന്റെ ക്യാരക്ടറിന് ഡ്യൂപ്പായി നിന്നത് ഞാനായിരുന്നു,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Riyaz Khan says he played dupe for Kamal Haasan’s character in Aalavandhaan movie

We use cookies to give you the best possible experience. Learn more