| Thursday, 27th February 2025, 4:42 pm

ലാലേട്ടന് ഒരു വില്ലനെ ആവശ്യമായി വന്നപ്പോള്‍ ആ സംവിധായകനാണ് എന്റെ പേര് നിര്‍ദേശിച്ചത്, എന്റെ കരിയര്‍ അതോടെ മാറി: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ട് പതിറ്റാണ്ടിലധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് റിയാസ് ഖാന്‍. 1994ല്‍ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് റിയാസ് സിനിമാലോകത്തേക്കെത്തുന്നത്. പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റിയാസ് ഖാന്‍ ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിയാസ് ഖാന്‍ തന്റെ സാന്നിധ്യമറിയിച്ചു.

തന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷങ്ങളെല്ലാം ഒരു ചെയിന്‍ പോലെ സംഭവിച്ചതാണെന്ന് പറയുകയാണ് റിയാസ് ഖാന്‍. മലയാളത്തില്‍ തനിക്ക് മികച്ചൊരു വേഷം കിട്ടിയത് ബാലേട്ടനിലൂടെയാണെന്നും അതിന് കാരണമായത് രമണാ എന്ന തമിഴ് ചിത്രമായിരുന്നെന്നും റിയാസ് ഖാന്‍ പറഞ്ഞു. ബാലേട്ടന്റെ സ്‌ക്രിപ്റ്റ് വര്‍ക്കും മറ്റ് കാര്യങ്ങളും കഴിഞ്ഞിട്ടും ഭദ്രന്‍ എന്ന കഥാപാത്രത്തിന് പറ്റിയ നടന്മാരെ കിട്ടിയില്ലായിരുന്നെന്ന് റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് സംവിധായകന്‍ തുളസീദാസാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും വി.എം. വിനു ആ സിനിമ കണ്ടിട്ട് തന്നെ ബാലേട്ടനില്‍ കാസ്റ്റ് ചെയ്‌തെന്നും റിയാസ് ഖാന്‍ പറഞ്ഞു. ബാലേട്ടനിലൂടെ ഒരുപാട് അവസരങ്ങള്‍ തന്നെ തേടി വന്നിരുന്നെന്നും റിയാസ് ഖാന്‍ പറഞ്ഞു. രമണാ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മുരുകദോസുമായി പരിചയത്തിലായതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ആ പരിചയം വെച്ചാണ് ഗജിനിയിലെ വേഷം തന്നിലേക്കെത്തിയതെന്നും അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരുന്നു ഗജിനിയിലേതെന്നും റിയാസ് ഖാന്‍ പറഞ്ഞു. തമിഴ് ഗജിനി കണ്ട ആമിര്‍ ഖാന്‍ ഹിന്ദി റീമേക്കില്‍ ആ വേഷം താന്‍ തന്നെ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് ബോളിവുഡിലേക്ക് എത്തിയതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.

‘എന്റെ കരിയറില്‍ കിട്ടിയ മികച്ച വേഷങ്ങളെല്ലാം ഒരു ചെയിന്‍ ഓഫ് ഇവന്റ്‌സ് പോലെയാണ് നടന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലേട്ടനിലേത്. ആ സിനിമ എനിക്ക് കിട്ടാന്‍ കാരണം ഒരു തമിഴ് സിനിമയായിരുന്നു. മുരുകദോസ് സാര്‍ ഡയറക്ട് ചെയ്ത രമണാ എന്ന പടം കാരണമാണ് എന്നെ ബാലേട്ടനിലേക്ക് വിളിച്ചത്.

ബാലേട്ടന്റെ എല്ലാ ക്യാരക്ടേഴ്‌സിനെയും സെലക്ട് ചെയ്തിട്ടും ഭദ്രനെ പ്രസന്റ് ചെയ്യാന്‍ ആരെയും കിട്ടിയില്ല. അപ്പോഴാണ് തുളസീദാസ് സാര്‍ രമണാ എന്ന പടത്തിലെ എന്റെ ക്യാരക്ടറിനെപ്പറ്റി സൂചിപ്പിച്ചത്. വിനു സാര്‍ ആ പടം കണ്ടിട്ട് എന്നെ സെലക്ട് ചെയ്തു. ബാലേട്ടന്‍ എന്റെ കരിയര്‍ മാറ്റി. ഒരുപാട് അവസരം പിന്നീട് തേടിവന്നു.

രമണായുടെ ഷൂട്ടിനിടെ മുരുകദോസ് സാറുമായി കമ്പനിയായി. അങ്ങനെയാണ് ഗജിനിയിലേക്ക് എന്നെ വിളിച്ചത്. അതുവരെ ചെയ്തതില്‍ നിന്ന് ഡിഫറന്റായിട്ടുള്ള റോളായിരുന്നു. തമിഴ് വേര്‍ഷന്‍ കണ്ട ആമിര്‍ ഖാന്‍ സാര്‍ എന്നെ ഗജിനിയുടെ ഹിന്ദി റീമേക്കിലേക്ക് വിളിച്ചു. അങ്ങനെയാണ് ബോളിവുഡ് എന്‍ട്രി നടത്തിയത്,’ റിയാസ് ഖാന്‍ പറയുന്നു.

Content Highlight: Riyaz Khan about his entry to Malayalam cinema and Balettan movie

We use cookies to give you the best possible experience. Learn more