സ്ക്രിപ്റ്റിലില്ല, സ്‌ക്രീനിൽ കയ്യടി; സർവ്വം മായയിലെ ആ ഡയലോഗിന് പിന്നിൽ അദ്ദേഹത്തോടുള്ള ആരാധന: റിയ ഷിബു
സർവ്വം മായ റിലീസിന് ശേഷം സോഷ്യൽ മീഡിയ ഭരിക്കുന്നത് ജെൻസി പ്രേതമായെത്തിയ റിയ ഷിബുവാണ്. അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായ ഹൊറർ കോമഡി ഴോണറിലാണ് ഒരുക്കിയത്. ഒരു ട്രെയ്‌ലർ പോലും പുറത്തുവിടാതെയാണ് സിനിമ റിലീസ് ചെയ്തത്. സിനിമയിൽ ഒരു സസ്പെൻസ് എലമെന്റ് ഉണ്ടെന്നും അത് പ്രേക്ഷകർ കണ്ടുതന്നെയറിയണമെന്നും അഖിൽ സത്യൻ പറഞ്ഞിരുന്നു. ഡെലൂലുവായെത്തിയ റിയ ഷിബുവായിരുന്നു ആ സസ്പെൻസ് എലമെന്റ്റ്.

അജു വർഗ്ഗീസ്, റിയ ഷിബു, നിവിൻ പോളി, Photo: Aju varghese
താനൊരു നിവിൻ പോളി ആരാധികയാണെന്നും ഷൂട്ടിങ് സെറ്റിൽ വെച്ച് ഇടയ്ക്കിടെ നിവിൻ പോളിയുടെ ഓരോ ഡയലോഗുകൾ പറയാറുണ്ടെന്നും റിയ ഷിബു പറഞ്ഞു. അങ്ങനെ പറഞ്ഞ ഒരു ഡയലോഗ് ആണ് ‘നല്ല തണുത്ത കാറ്റുണ്ടല്ലേ’ എന്ന ഡയലോഗ്. ക്യൂ സ്റ്റുഡിയോക്ക് നലകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അഖിൽ ചേട്ടൻ കഥ പറഞ്ഞപ്പോൾ ഹ്യൂമർ ചെയ്യണമെന്ന് എടുത്ത് പറഞ്ഞില്ല. അങ്ങനെ ഹ്യൂമർ ചെയ്യണമെന്ന് പറയാത്തത് തന്നെയാണ് നന്നായത്. കാരണം ഹ്യൂമർ ചെയ്യണം എന്ന് പറയുമ്പോൾ, നമ്മൾ ചിന്തിക്കും അത് കോമേഡിയാകുമോയെന്ന്?. അത് കൂടുതൽ ടെന്ഷനാക്കും. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ മനസിലായി എല്ലാം സിറ്റുവേഷനനുസരിച്ച കോമഡി ആണെന്ന്. നല്ല ‘തണുത്ത കാറ്റുണ്ടല്ലേ’ എന്ന ഡയലോഗ് ഞാൻ ഒരു വടക്കൻ സെൽഫി മൂവി ആരാധികയായതു കൊണ്ട് ഇടയ്ക്കിടെ നിവിൻ ചേട്ടനോട് പറയുന്നതായിരുന്നു.
ആ ഒരു സിറ്റുവേഷനിൽ അവിടെയിരുന്നപ്പോൾ ഞാൻ വെറുതെ നല്ല തണുത്ത കാറ്റുണ്ടല്ലേ എന്ന് ചോദിക്കുകയായിരുന്നു. അപ്പോൾ തന്നെ നിവിൻ ചേട്ടൻ’ ഇത് ഫൺ ആയിട്ടുണ്ടല്ലോ’ എന്ന് പറയുകയും പിന്നീട് സ്ക്രിപ്റ്റിലില്ലാത്ത ആ ഡയലോഗ് അവിടെ പറയുകയുമാണ് ചെയ്തത്,’ റിയ ഷിബു പറഞ്ഞു.
ആദ്യ ദിനം ആഗോള ബോക്സ്ഓഫീസിൽ നാല് കോടി രൂപയാണ് സർവ്വം മായ നേടിയത്. നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു നമ്പൂതിരിയെന്ന നിരീശ്വരവാദിയായ ഗിറ്റാറിസ്റ്റിന് നേരിടേണ്ടിവരുന്ന ഫാന്റസി നിറഞ്ഞ ചില സംഭവങ്ങളിലൂടെയാണ് സർവ്വം മായ എന്ന സിനിമയുടെ കഥ വികസിക്കുന്നത്.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ്, ജനാർദ്ദനൻ, രഘുനാഥ്, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Riya Shibu talks about the unscripted dialogues in the film