സര്‍വ്വം മായ സിനിമ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒന്നാണ് ചിത്രത്തിലെ ഡെലൂലു. ഡെലൂലു എന്ന കഥാപാത്രമായി തിളങ്ങിയ റിയ ഷിബു ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. പ്രൊഡ്യൂസറായി തന്റെ കരിയര്‍ ആരംഭിച്ച റിയ ഷിബുവിന്റെ ആദ്യ സിനിമയായിരുന്നു സര്‍വ്വം മായ. വിക്രം നായകനായെത്തിയ വീര ധീര സൂരന്‍ നിര്‍മിച്ചത് റിയയായിരുന്നു.
ഇപ്പോള്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാണം എന്ന മേഖലയെ കുറിച്ച് സംസാരിക്കുകയാണ് റിയ ഷിബു. അഭിനയിക്കുമ്പോഴും സിനിമ നിര്‍മിക്കുമ്പോഴും നമ്മള്‍ പെര്‍ഫെക്ടാറയിരിക്കണമെന്ന് റിയ പറയുന്നു.
‘സിനിമ ചെയ്യുമ്പോള്‍ സമയം പ്രധാനമാണ്. നഷ്ടമാക്കരുത്. നമ്മുടെ മുഴുവന്‍ ഊര്‍ജവും ചെലവിടണം. അതേസമയം, ആസ്വദിച്ച് ചെയ്യാനും കഴിയണം. നിര്‍മാതാകുമ്പോള്‍ വളരെ ആലോചിച്ചാണ് ഓരോ കാര്യവും ചെയ്യേണ്ടത്. സിനിമ ഹിറ്റാകുന്നതിനെക്കുറിച്ച് ഒരിക്കലും പറയാനാകില്ല.
അതില്‍ എപ്പോഴും റിസ്‌ക് ഫാക്ടറുണ്ട്. ബിസിനസ്, ഒ.ടി.ടി സാധ്യതകള്‍ ഒക്കെ നോക്കണം. പൈസ ഉള്‍പ്പെടുന്നതിനാല്‍ വളരെ ശ്രദ്ധയും ആവശ്യമാണ്. ബിസിനസും ഇഷ്ടമുള്ള മേഖലയായതിനാല്‍ അഭിനയം പോലെ ഇഷ്ടപ്പെട്ടാണ് നിര്‍മാണവും ചെയ്യുന്നത്,’ റിയ പറഞ്ഞു.
ചെന്നൈ ലയോള കോളേജില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദമെടുത്തുവെന്നും പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലിയെന്ന് പറയുന്നപോലെയാണ് താന്‍ സിനിമയില്‍ എത്തിയതെന്നും നടി പറയുന്നു.
ഏപ്രിലില്‍ കോഴ്‌സ് കഴിയുകയും ജൂണില്‍ താന്‍ സിനിമ തുടങ്ങിയെന്നും റിയ ഷിബു കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്നും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും റിയ പറഞ്ഞു. അതിരടിയാണ് വരാനിരിക്കുന്ന ചിത്രമെന്നും ‘സര്‍വം മായ’പോലെയുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം നൂറ് കോടി സ്വന്തമാക്കി കഴിഞ്ഞു. സിനിമയില്‍ നിവിന്‍ പോളിക്ക് പുറമെ പ്രീതി മുകുന്ദന്‍, അജു വര്‍ഗീസ്, ജനാര്‍ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content highlight: Riya Shibu talks about the producer field in cinema