ആദ്യ സെറ്റിൽ നയൻതാരയെ കംഫർട്ടബിൾ ആക്കാൻ സത്യൻ സാർ എന്താണോ ചെയ്തത് അത് തന്നെയാണ് അഖിൽ ചേട്ടനും ആവർത്തിച്ചത്: റിയ ഷിബു
Malayalam Cinema
ആദ്യ സെറ്റിൽ നയൻതാരയെ കംഫർട്ടബിൾ ആക്കാൻ സത്യൻ സാർ എന്താണോ ചെയ്തത് അത് തന്നെയാണ് അഖിൽ ചേട്ടനും ആവർത്തിച്ചത്: റിയ ഷിബു
നന്ദന എം.സി
Tuesday, 30th December 2025, 11:38 am

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സർവ്വം മായയുടെ റിലീസിന് ശേഷം പേടിപ്പിക്കാത്ത പ്രേതങ്ങളുടെ ലിസ്റ്റിലേക്ക് കയറിയിരിക്കുകയാണ് റിയ ഷിബു അവതരിപ്പിച്ച ഡെലൂലു എന്ന മായ. സോഷ്യൽ മീഡിയ ഭരിക്കുന്നതും ജെൻസി പ്രേതമായ ഡെലൂലു തന്നെയാണ്. സിനിമയെ കുറിച്ച് യാതൊന്നും പുറത്തു വിടാതിരുന്നതിനാൽ തന്നെ റിലീസിന് മുൻപേ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. ഇതിലെ ഒളിഞ്ഞിരിക്കുന്ന ആ സസ്പെൻസ് എലെമെന്റ്സ് എന്താണെന്നായിരുന്നു പ്രേക്ഷകർ ഉറ്റു നോക്കി കൊണ്ടിരുന്നത്.

റിയ ഷിബു, Photo: YouTube/ Screen grab

ഷൂട്ട് തുടങ്ങുന്നതിന് പത്തു ദിവസം മുൻപ് ലൊക്കേഷനിൽ എത്താൻ അഖിൽ സത്യൻ പറഞ്ഞിരുന്നു. ഇത് കൂടുതൽ ലൊക്കേഷനും ആളുകളും ക്യാമറയുമായി കണക്ട് ആവാൻ സഹായിച്ചെന്ന് പറയുകയാണ് റിയ ഷിബു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡെലൂലു വെറുതെ അവിടെ ഇരിക്കുന്ന ഒരു സീനുണ്ട്. ആ ഷോട്ട് കണ്ടപ്പോൾ അഖിൽ ചേട്ടൻ വളരെ ഹാപ്പിയായി. അപ്പോൾ ഞാനും ഹാപ്പിയായി. അതായിരുന്നു ഫസ്റ്റ് ഡേയിലെ ഓർമ. എന്റെ ഷൂട്ടിന്റെ ഒരു പത്തു ദിവസം മുൻപേ അഖിൽ ചേട്ടൻ എന്നോട് സെറ്റിൽ വന്നിരിക്കാൻ പറഞ്ഞു. അതുകൊണ്ട് ഓരോ ദിവസവും ഞാൻ സെറ്റിൽ പോയി വെറുതെയിരിക്കും. അതിനാൽ തന്നെ ഞാൻ കൂടുതൽ കംഫർട്ടബിൾ ആയി. പുതിയ ആളുകളെയും ക്യാമറകളെയും കാണുമ്പോൾ എനിക്ക് പേടിയാവാതിരിക്കാനും അവരുമായി കണക്ട് ആവാൻ വേണ്ടിയുമാണ് അഖിൽ ചേട്ടൻ അങ്ങനെ ചെയ്തത്,’ റിയ ഷിബു പറഞ്ഞു.

സത്യൻ അന്തിക്കാട് നയൻതാരയെ ഇത് പോലെ കംഫർട്ടബിൾ  ആക്കാൻ വേണ്ടി പത്തു ദിവസം മുൻപ് ലൊക്കേഷനിൽ ഇങ്ങനെ ഇരുത്തിയിരുന്നെന്നും റിയ ഷിബു പറഞ്ഞു. നയൻതാരയുടെ ഡോക്യൂമെൻഡറിയിൽ അത് പറഞ്ഞിട്ടുമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

ആദ്യ ദിനം ആഗോള ബോക്സ്ഓഫീസിൽ നാല് കോടി രൂപയാണ് സർവ്വം മായ നേടിയത്. നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു നമ്പൂതിരിയെന്ന നിരീശ്വരവാദിയായ ഗിറ്റാറിസ്റ്റിന് നേരിടേണ്ടിവരുന്ന ഫാന്റസി നിറഞ്ഞ ചില സംഭവങ്ങളിലൂടെയാണ് സർവ്വം മായ എന്ന സിനിമയുടെ കഥ വികസിക്കുന്നത്.

ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ്, ജനാർദ്ദനൻ, രഘുനാഥ്, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Riya Shibu talks about her memories of the movie Sarvam Maya

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.