തിയേറ്ററുകളില്‍ അതിഗംഭീര മുന്നേറ്റം നടത്തുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഒരു ട്രെയ്‌ലര്‍ പോലും പുറത്ത് വിടാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ അഖില്‍ സത്യന്‍ ഒരു സസ്‌പെന്‍സ് ഒളിപ്പിച്ചിരുന്നു. അതാണ് ഡെലൂലു.
സിനിമ കണ്ടിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയിലെ സംസാര വിഷയമായിരുന്നു ഡെലൂലുവായി എത്തിയ റിയ ഷിബു. ഫീല്‍ഗുഡ് പടത്തിലെ പ്രേതമായെത്തിയ റിയ ഷിബു ഇതിനോടകം മലയാളികളുടെ ഹൃദയം കവര്‍ന്നു.
റിയ ഷിബു Photo: Riya Shibu/ Facebook.com
കുറച്ച് ഒന്ന് മാറി പോയാല്‍ ഓവറും, ക്രിഞ്ചുമായി പോകാവുന്ന കഥാപാത്രത്തെ റിയ ഭംഗായായി കൈകാര്യം ചെയ്തുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ചും സംവിധായകന്‍ അഖില്‍ സത്യനെ കുറിച്ചും സംസാരിക്കുകയാണ് റിയ.
‘ഒരു പൊടിക്ക് മാറി പോയാല്‍ എന്റെ കഥാപാത്രം ഓവറായി പോകുമായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞപ്പോഴാണ് അതിനെ പറ്റി ഞാന്‍ ശ്രദ്ധിക്കുന്നത്. അങ്ങനെയൊരു സാധ്യതയുണ്ടായിരുന്നു അല്ലേ എന്ന് ഞാന്‍ അപ്പോഴാണ് ഓര്‍ത്തത്. കറക്ട് മീറ്ററിലാണ് ഞാന്‍ അവതരിപ്പച്ചതെന്ന് അപ്പോഴാണ് മനസിലായത്. അതില്‍ സന്തോഷമുണ്ട്. എവിടെയാണെങ്കിലും എനിക്ക് അഖില്‍ ചേട്ടന്‍ സജഷന്‍സ് തരുമായിരുന്നു.
എന്നെ വളരെ ബാലന്‍സ് ചെയ്ത് ഗൈഡ് ചെയ്താണ് കൊണ്ടുപോയത്. അഖില്‍ ചേട്ടന് വഴക്ക് പറയുകയേ ഇല്ല. ഒരിക്കലും വഴക്ക് പറയുന്നത് കേട്ടിട്ടില്ല. അഥവാ എന്തെങ്കിലും പ്രശ്‌നം വന്ന് പുള്ളി പാനിക്ക് ആയാല്‍ ‘എല്ലാവരും മിണ്ടാതിരിക്കൂ’ എന്ന് മാത്രമാണ് പറയുക. അതാണ് മാക്‌സിമം. അയ്യോ അഖില്‍ ചേട്ടന് എന്തൊരു പൂക്കി ആണെന്ന് തോന്നി,’ റിയ പറഞ്ഞു.
അഖില്‍ നന്നായി മോട്ടിവേറ്റ് ചെയ്യാറുണ്ടെന്നും ഷോട്ട് ഭംഗിയായി വന്നാല്‍ വന്ന് ഒരു ഹഗ് തരുമെന്നും റിയ പറഞ്ഞു. ‘സിനിമയില്‍ കാണുന്ന പ്രേതങ്ങളെ പോലെ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടോ’ എന്ന് ചോദിക്കുന്നതായിരുന്നു സിനിമയിലെ തന്റെ ആദ്യത്തെ പ്രധാനപ്പെട്ട സീനെന്നും അത് ചെയ്യുമ്പോള്‍ കുറച്ച് പേടിയുണ്ട്, എന്നാല്‍ എക്‌സൈറ്റഡുമായിരുന്നുവെന്നും റിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Riya shibu talks about her character in sarvam maya and about Akhil Sathyan