സർവ്വം മായ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് റിയ ഷിബു. സിനിമ റിലീസ് ആയി മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ചകളിൽ ഒന്നാണ് ‘സർവ്വം മായ’യും ഡെലൂലുവായി എത്തിയ റിയ ഷിബുവും.
അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പേ തന്നെ നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. സംവിധായകൻ പറഞ്ഞ ആ സർപ്രൈസ് തന്നെയായിരുന്നു ക്യൂട്ട് യക്ഷിയായെത്തിയ ഡെലൂലു. പതിവ് യക്ഷി രൂപങ്ങളിൽ നിന്ന് മാറി, കൂടുതൽ വൈബുള്ള ജെൻസി യക്ഷിയായാണ് ചിത്രത്തിൽ റിയയെ നമ്മൾ കണ്ടത്.
അഭിനേത്രി എന്നതിലുപരി നിർമാതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ് റിയ. എച്ച്. ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ തഗ്‌സ്, മുറ, വീര ധീര സൂരൻ തുടങ്ങിയ ചിത്രങ്ങൾ റിയ നിർമിച്ചിട്ടുണ്ട്. കൂടാതെ ആർ.ആർ.ആർ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നതിലും റിയ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
ഇപ്പോൾ റിയയുടെ ഒരു പഴയ അവാർഡ് ഷോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളികളുടെ ഓൾടൈം ഫേവറിറ്റ് നടനായ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് റിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
വലിയ ഹൈപ്പിൽ സുരാജിനുള്ള ഇൻട്രൊഡക്ഷൻ നൽകിയ റിയ, അടുത്തിടെ സിനിമ ഇൻഡസ്ട്രിയെ സർപ്രൈസ് ചെയ്ത് കൊണ്ടിരിക്കുന്ന ഒരാളാണെന്ന് പറഞ്ഞ് തുടങ്ങുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അച്ഛൻ മിലിട്ടറിയിലാണെന്നും, അദ്ദേഹം മിമിക്രിക്കാരനാണെന്നും തമാശ രൂപത്തിൽ പറയുന്നു. ഈ ‘മിലിട്ടറി–മിമിക്രി’ ഡയലോഗ് തന്നെയാണ് ഇപ്പോൾ ട്രോളുകളിൽ പ്രധാന ആയുധമായത്.
തുടർന്ന് മിമിക്രിയിൽ വന്നതാണ് നന്നായതെന്നും, ഒരുപാട് നല്ല സിനിമകളും മെമ്മറീസും നമുക്ക് നൽകിയ വ്യക്തിയാണെന്നും റിയ ഇംഗ്ലീഷിൽ പുകഴ്ത്തി. തമിഴ് സിനിമയ്ക്കും നല്ല സംഭാവനകൾ നൽകിയ വ്യക്തിയാണെന്നും പറഞ്ഞ് ‘ലെറ്റ്സ് വെൽക്കം സുരാജ് വെഞ്ഞാറമൂട് സാർ’ എന്ന് റിയ പറഞ്ഞതോടെ കാണികൾ കൈയ്യടിയിൽ മുഴുകി.
എന്നാൽ സ്റ്റേജിലേക്ക് കയറാതെ, ഒന്ന് പകച്ച് നിന്ന സുരാജ് ‘എന്നെ തന്നെയോ?’ എന്ന ആശയക്കുഴപ്പത്തോടെ സമീപത്തിരുന്നവരോട് ചോദിക്കുന്നതും ചിരിച്ചുകൊണ്ട് നിൽക്കുന്നതുമായ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്.
റിയയുടെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയെന്ന തരത്തിലുള്ള മീമുകളും, ശിവനെ ഇതേതു ജില്ല? എന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കൂടാതെ ‘മിലിറ്ററി മിമിക്രി ചളി കൊല്ലം’ എന്നിങ്ങനെ രസകരമായ ട്രോളുകളും വീഡിയോയ്ക്ക് താഴെ നിറയുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.