അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി ക്രിസ്മസ് റിലീസായെത്തിയ ‘സർവം മായ’ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ തന്റെ കംഫർട്ട് സോണിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് ഈ സിനിമയിലൂടെ നടത്തിയത്.
സിനിമ റിലീസിന് പിന്നാലെ നിവിൻ–അജു കൂട്ടുകെട്ടിനെ പോലെ തന്നെ, ‘ഡെലൂലു’ എന്ന കഥാപാത്രമായെത്തിയ റിയ ഷിബുവിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. സാധാരണ പ്രേത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരെ പേടിപ്പിക്കാതെ, എന്നാൽ മനുഷ്യരെ കാണുമ്പോൾ സ്വയം പേടിക്കുന്ന ഒരു യക്ഷി എന്ന പുതുമയാണ് ഡെലൂലുവിനെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാക്കിയത്.
ഇതിനിടെ, റിയ ഷിബു തന്റെ സഹോദരൻ ഹൃദു ഹാരോണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമ ഇറങ്ങിയതിന് ശേഷം ഇക്ക വളരെ ഹാപ്പിയായിരുന്നു. ഒരേ ദിവസം തന്നെ മണിക്കൂറുകൾ ഇടവിട്ട് സിനിമ കാണാൻ പോകുമായിരുന്നു. ആദ്യമായി കണ്ടപ്പോൾ ഇമോഷണൽ ആയി പോയതിനാൽ സിനിമ മുഴുവൻ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് വീണ്ടും പോയി കണ്ടുവെന്നും ഇക്ക പറഞ്ഞു.
പിന്നീട് എനിക്ക് അയച്ച ഒരു വോയിസ് നോട്ടാണ് എന്നെ ഏറ്റവും ഇമോഷണൽ ആക്കിയത്. അത് കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി. ഇക്ക വളരെ ബ്രില്യന്റ് ആയ ഒരു ആക്ടറാണ്. എനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും തുറന്നു സംസാരിക്കാൻ കഴിയുന്ന ഒരേ ഒരു വ്യക്തി അദ്ദേഹമാണ്. ഈ ലോകത്ത് എന്നെ ഏറ്റവും നന്നായി മനസിലാക്കാൻ കഴിയുന്ന ആളും ഇക്കയാണ്.
ഞാൻ അനുഭവിക്കുന്ന ഇമോഷനുകൾ അതുപോലെ മനസിലാക്കുന്ന ഒരാൾ അത് അദ്ദേഹമാണ്. ഞങ്ങൾ രണ്ടുപേരും വളരെ സെൻസിറ്റീവ് ആയ ആളുകളാണ്. ആ സെൻസിറ്റിവിറ്റിയാണ് ഞങ്ങളെ കൂടുതൽ ക്രിയേറ്റീവ് ആക്കുന്നതും,’ റിയ ഷിബു പറഞ്ഞു.
മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച ഹൃദു ഹാരോൺ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ കൂടുതൽ നേടിയത്.
Content Highlight: Riya Shibu talk about her Brother Hridhu Haroon
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.