സര്‍വം മായ കണ്ടവരാരും അതിലെ ഡെലൂലുവിനെ മറക്കാനിടയില്ല. മനുഷ്യരെ കാണുമ്പോള്‍ പേടിക്കുന്ന വ്യത്യസ്തമായ പ്രേതം ചിരിപ്പിക്കുകയും മനസ് നിറക്കുകയും ചെയ്തു. കപ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന റിയയുടെ സെക്കന്‍ഡ് എന്‍ട്രി ഗംഭീരമായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചിത്രമായ വീര ധീര സൂരന്റെ നിര്‍മാതാവും റിയയാണ്.
ഇഷ്ടപ്പെട്ട അഞ്ച് സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് റിയ ഷിബു. ടോപ് ഫൈവില്‍ ആദ്യത്തേത് മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആണെന്ന് റിയ പറയുന്നു. ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് മലയാള സിനിമ നിര്‍ദേശിക്കുമ്പോള്‍ ആദ്യം പറയുന്ന പേര് ഈ സിനിമയുടേതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു റിയ ഷിബു.
‘എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ഒരുപാട് എന്‍ജോയ് ചെയ്ത് ഞാന്‍ കണ്ട സിനിമയാണത്. ആ സിനിമയുടെ കോണ്‍സെപ്റ്റും നല്ലതായിരുന്നു. നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന സിനിമയാണത്. ഓരോ തവണ കാണുമ്പോഴും വ്യത്യസ്തമായ വ്യാഖ്യാനമാണ് കിട്ടുന്നത്. നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന സിനിമയായി നന്‍പകല്‍ നേരത്ത് മയക്കം തോന്നിയിട്ടുണ്ട്. വളരെ ഇന്‍ട്രസ്റ്റിങ്ങാണ് നന്‍പകല്‍ നേരത്ത് മയക്കം‘ റിയ ഷിബു പറയുന്നു.
മണിരത്‌നം- ദുല്‍ഖര്‍ സല്‍മാന്‍ കോമ്പോയുടെ ഒ.കെ കണ്മണിയും തന്റെ ഫേവറെറ്റാണെന്ന് താരം പറഞ്ഞു. ഒരുപാട് തവണ റീവാച്ച് ചെയ്തിട്ടുണ്ടെന്നും പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിച്ച സിനിമയാണ് അതെന്നും റിയ കൂട്ടിച്ചേര്‍ത്തു. പ്രകാശ് രാജ്- ലീല സാംസണ്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയം അതിമനോഹരമാണെന്നും താരം പറഞ്ഞു.
വല്ലാത്തൊരു റിഫ്രഷിങ് ഫീലാണ് ഒ.കെ കണ്മണി കാണുമ്പോള്‍. ആദിയുടെയും താരയുടെയും പാരന്റ്‌സിനെ കാണിക്കുന്ന സീനെല്ലാം ഗംഭീരമാണ്. റൊമാന്റിക് സീനുകളെല്ലാം എന്ത് മനോഹരമാണ്. എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. പിന്നെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ആവേശം, പ്രേമം, കിലുക്കം എന്നിവയാണ്’ റിയ ഷിബു പറഞ്ഞു.
നിര്‍മാതാവും വിതരണക്കാരനുമായ ഷിബു തമീന്‍സിന്റെ മകളാണ് റിയ ഷിബു. വീര ധീര സൂരന് പറമെ മുറ എന്ന ചിത്രവും നിര്‍മിച്ചത് റിയയാണ്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് റിയ ശ്രദ്ധ നേടുന്നത്. സഹോദരന്‍ ഹൃദു ഹാറൂണും സിനിമയില്‍ സജീവമാണ്. മുറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഡ്യൂഡ് തുടങ്ങിയ സിനിമകളില്‍ ഹൃദു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Content Highlight: Riya Shibu saying Nanpakal Nerathu Mayakkam movie is one of her favorite