2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി റിതുരാജ് ഗെയ്ക്വാദ്. സോഷ്യല്‍ മീഡിയയിലൂടെ ചെന്നൈ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത സീസണിനോട് അനുബന്ധിച്ച് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്നതും വിട്ടുനല്‍കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ചെന്നൈയുടെ പ്രഖ്യാപനം.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്കെത്തിച്ചതിന് പുറമെ താരത്തിന് ടീമിന്റെ നായക സ്ഥാനം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കിയിരുന്നു. എന്നാല്‍ എം.എസ്. ധോണിക്ക് ശേഷം ഫ്രാഞ്ചൈസിയുടെ നായക സ്ഥാനം ഏറ്റെടുത്ത റിതുരാജ് ഗെയ്ക്വാദിന് തന്നെയാണ് ഈ സീസണിലും ചെന്നൈ ക്യാപ്റ്റന്‍സി നല്‍കിയത്.
അതേസമയം സഞ്ജുവിന്റെ വരവോടെ കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ചെന്നൈ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല 2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി വരുന്ന ഡിസംബര്‍ 15 നടക്കുന്ന മിനി താര ലേലത്തിലും ചെന്നൈ മറ്റ് താരങ്ങളെ ടീമിലെത്തിച്ചേക്കും.