ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.
സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റനായി നിയമിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെയാണ്. പരമ്പരയ്ക്ക് മുന്നോടിയായി റിഷബ് ഇന്ത്യ ടുഡേയില്‍ സംസാരിച്ചിരുന്നു. ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡുമൊന്നും ഇംഗ്ലണ്ട് ടീമില്‍ ഇല്ലാത്തത് നന്നായെന്നും എന്നാല്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് യൂണിറ്റ് മികച്ചതാണെന്നും പന്ത് പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിനെ നിസാരമായി കാണാനാകില്ലെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
‘ആന്‍ഡേഴ്സണും ബ്രോഡുമൊന്നും ടീമില്‍ ഇല്ലാത്തത് നന്നായി. അവര്‍ വളരെക്കാലമായി ഇംഗ്ലണ്ടിനൊപ്പമുണ്ടായിരുന്നു. ഞാന്‍ രണ്ട് ടൂറുകള്‍ക്കായി ഇംഗ്ലണ്ടില്‍ വന്നിട്ടുണ്ട്, പക്ഷേ അവരുടെ ബൗളിങ് യൂണിറ്റില്‍ ആവശ്യത്തിന് ബൗളര്‍മാരുണ്ട്. നമ്മുടെ ടീം ചെറുപ്പമായതിനാല്‍ അവരെ നിസാരമായി കാണാനാവില്ല. സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം നമ്മള്‍ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കുകയും ബൗളര്‍മാരെയും എതിരാളികളെയും ബഹുമാനിക്കുകയും വേണം,’ പന്ത് ഇന്ത്യ ടുഡേയില്‍ പറഞ്ഞു.